ആള്‍ക്കൂട്ട കൊല: പോലിസിനു വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്

കൊല്ലം: അഞ്ചലില്‍ കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്ന കേസിലെ അന്വേഷണത്തില്‍ പോലിസിനു വീഴ്ച സംഭവിച്ചെന്നു റിപോര്‍ട്ട്. കൊല്ലം റൂറല്‍ എസ്പി ഡിജിപിക്കു നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജൂണ്‍ 24ന് വൈകീട്ട് 5 മണിക്കാണ് മണിക് റോയിക്ക് മര്‍ദനം ഏല്‍ക്കുന്നത്. തുടര്‍ന്ന് ഇയാള്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍, പരാതി ലഭിച്ചിട്ടും രാത്രി 12 മണിയോടെയാണ് പോലിസ് എത്തുന്നതും മൊഴിയെടുക്കുന്നതും. മൊഴിയെടുത്ത ശേഷവും കാര്യമായ തുടരന്വേഷണം നടത്താതിരുന്ന അഞ്ചല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലിസ് വെറുമൊരു തമ്മിലടിയായി കേസ് ചാര്‍ജ് ചെയ്ത് അവസാനിപ്പിക്കാനുള്ള നീക്കവും നടത്തി. അപ്പോഴാണ് മണിക് റോയി മരണപ്പെടുന്നത്. കൊല്ലം റൂറല്‍ പോലിസ് മേധാവി നടത്തിയ അന്വേഷണത്തിലാണ് പോലിസിന്റെ വീഴ്ച റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്പി അശോകന്‍ അന്വേഷണസംഘം വിപുലീകരിച്ചിരുന്നു. അന്വേഷണ ചുമതല ഇപ്പോള്‍ പുനലൂര്‍ ഡിവൈഎസ്പി അനില്‍ കുമാറിനാണ്.
Next Story

RELATED STORIES

Share it