ആലപ്പുഴ കലക്ടര്‍ക്കെതിരേ പരാതിക്ക് നീക്കം

ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഭൂമി കൈയേറ്റത്തിനും നിലം നികത്തലിനുമെതിരേ  നല്‍കിയ നോട്ടീസിലെ സാങ്കേതിക പിഴവിനെ മുന്‍നിര്‍ത്തി ആലപ്പുഴ ജില്ലാ കലക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ നീക്കം.
എന്‍സിപിയുടെ യുവജന വിഭാഗമായ എന്‍വൈസിയുടെ കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയാണ് പുതിയ നീക്കത്തിന് പിന്നില്‍. തെറ്റായ സര്‍വേ നമ്പര്‍ നല്‍കി തോമസ് ചാണ്ടിയെ കൈയേറ്റക്കാരനായി ചിത്രീകരിച്ച കലക്ടറുടെ നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും അപക്വമായ കലക്ടറുടെ നടപടികള്‍ സംശാസ്പദമാണെന്നും ചൂണ്ടിക്കാട്ടി ആദ്യം സംസ്ഥാന സര്‍ക്കാരിനേയും വേണ്ടിവന്നാല്‍ കോടതിയേയും സമീപിക്കാനാണ് എന്‍വൈസിയുടെ നീക്കം.
അതേസമയം, നോട്ടീസിലെ സര്‍വേ നമ്പര്‍ തെറ്റിയത് കേവലം ക്ലറിക്കല്‍ പിഴവുമാത്രമാണെന്നാണ് പ്രാഥമിക നിഗമനമെന്നും വേണ്ടി വന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നുമാണ് കലക്ടറുടെ വിശദീകരണം. ലേക്ക് പാലസ് റിസോര്‍ട്ടിനുവേണ്ടി പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കാന്‍ വാട്ടര്‍ വേള്‍ഡ് കമ്പനി നിലം നികത്തിയെന്ന പരാതിയിന്മേലായിരുന്നു കലക്ടര്‍ കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തണ്ണീര്‍ത്തട നിയമം ലംഘിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2013 വരെ പാടമായിരുന്ന സ്ഥലം 2014 അവസാനഘട്ടത്തില്‍  മണ്ണിട്ട് നികത്തിയെന്നും 2015ഓടെ ഈ സ്ഥലം പൂര്‍ണമായും പാര്‍ക്കിങ്ങിനായി ഉപയോഗിച്ച് തുടങ്ങിയെന്നുമായിരുന്നു കലക്ടറുടെ കണ്ടെത്തല്‍. റിസോര്‍ട്ടിന്റെ പ്രധാന കവാടത്തിനു മുന്നിലും അതിന് സമാന്തരമായും നിലം നികത്തി പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചുവെന്നും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കലക്ടര്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ യാതൊരു പിഴവും ഇല്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കലക്ടര്‍.
Next Story

RELATED STORIES

Share it