Alappuzha local

ആലപ്പുഴയില്‍ വീണ്ടും മാലിന്യ പ്രശ്‌നം

ആലപ്പുഴ: ആലപ്പുഴ മോഡല്‍ മാലിന്യസംസ്‌കരണ പദ്ധതിക്ക് കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ആലപ്പുഴയില്‍ മാലിന്യ നിക്ഷേപം വ്യാപകമാവുന്നു. ആധുനിക അറവ്ശാല, ദേശീയപാത, സ്‌കൂളുകള്‍ എന്നിവ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി.
മാലിന്യ നിക്ഷേപത്തിനെതിരേ നഗരസഭ നേതൃത്വം അയഞ്ഞ സമീപനം സ്വീകരിക്കുന്നതാണ് മാലിന്യ നിക്ഷേപം വ്യാപകമാവാന്‍ കാരണം. രാത്രികാലങ്ങളില്‍ അറവ്ശാലാ അവശിഷ്ടങ്ങള്‍ക്കൊപ്പം ജൈവ, അജൈവ മാലിന്യങ്ങളടക്കം നിക്ഷേപിക്കപ്പെടുന്നു. ആലപ്പുഴ ആധുനിക അറവ്ശാല വളപ്പില്‍ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങള്‍ വ്യാപകമായിരിക്കുകയാണ്. ഇടവേളകളില്‍ ഇവിടെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് സമീപവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി മാറുന്നുണ്ട്.
നഗരസഭയുടെ വിവിധ കേന്ദ്രങ്ങളില്‍ എയ്‌റോബിക് കംപോസ്റ്റുകളും വീടുകളില്‍ പൈപ്പ് കംപോസ്റ്റുകളും സ്ഥാപിച്ചാണ് നഗരസഭയിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടിരുന്നത്. നിലവില്‍ നഗരസഭയിലെ മാലിന്യങ്ങള്‍ എയ്‌റോബിക് കംപോസ്റ്റുവഴി വളമാക്കി മാറ്റി വില്‍പ്പന നടത്തുന്നു. ഫലത്തില്‍ ഇത് തുടരുന്നുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവിധം ഹോട്ടല്‍ ഭക്ഷണ മാലിന്യങ്ങളടക്കം പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കപ്പെടുകയാണ്.
മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാനായി പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതും മാലിന്യ നിക്ഷേപം വര്‍ധിക്കാന്‍ കാരണമായി. മറ്റ് തദ്ധേശസ്ഥാപനങ്ങള്‍ പോലും മാതൃകയാക്കിയ ആലപ്പുഴ മോഡല്‍ മാലിന്യ സംസ്‌കരണ പദ്ധതി നഗരത്തില്‍ പാളുകയാണെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it