Alappuzha local

ആലപ്പുഴയില്‍ മെറീന സ്ഥാപിക്കും

ആലപ്പുഴ: ജില്ലയുടെ തുറമുഖവികസനത്തിന്റെ ഭാഗമായി മെറീന സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മല്‍സ്യ-തുറമുഖ മന്ത്രി കെ ബാബു പറഞ്ഞു.
കേരള ഉള്‍നാടന്‍ ജലയാന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ജലയാനങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കായി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ജില്ലയിലെ ആദ്യത്തെ ഡ്രൈഡ്രോക്കിന്റെ നിര്‍മാണോദ്ഘാടനം മുഹമ്മ പൊന്നാട് എല്‍പി സ്‌കൂളിന് സമീപം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മെറീന സ്ഥാപിക്കുന്നതിനുള്ള പരിസ്ഥിതി പഠന റിപോര്‍ട്ട് നാളെ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരും. പാരിസ്ഥിതിക അനുമതി ലഭിച്ചുകഴിഞ്ഞാല്‍ 40.71 കോടിയുടെ പാസഞ്ചര്‍ ടെര്‍മിനല്‍, 71.26 കോടി രൂപയുടെ ബീച്ച് വികസനം, 14.34 കോടി രൂപയുടെ ഇന്‍ലാന്‍ഡ് മെറീന എന്നിവയാണ് നിര്‍മിക്കുക.
ഇത് യാഥാര്‍ഥ്യമായാല്‍ ചെറിയ യാത്രാകപ്പല്‍ വഴി വിനോദസഞ്ചാരികള്‍ക്ക് കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തി ഇന്‍ലാന്‍ഡ് മെറീന വഴി കാനാലുകളിലും ഹൗസ് ബോട്ടുകള്‍ വഴി ഉള്‍നാടന്‍ ജലാശയങ്ങളിലും യാത്ര ചെയ്യാന്‍ കഴിയും. ബീച്ച് വികസനത്തില്‍ ഡോള്‍ഫിന്‍ പൂള്‍, വാട്ടര്‍ സ്‌പോര്‍ട്ട്‌സ് എന്നിവ ഉള്‍പ്പെടും.
കെ സി വേണുഗോപാല്‍ എംപി അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, തുറുമുഖ ഡയറക്ടര്‍ പി ഐ ഷെയ്ക്ക് പരീത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനാ സനല്‍കുമാര്‍, മുഹമ്മ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല പുരുഷോത്തമന്‍, പി എ ജുമൈലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനോഹരന്‍ നന്ദികാട്, കൊച്ചുത്രേസ്യ ജയിംസ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എസ് റ്റി റെജി, പി എ സബീന പ്രസംഗിച്ചു.
ഡ്രൈഡോക്ക് നിര്‍മാണ ചെലവിന്റെ പകുതി സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതി ഭാഗം സ്വകാര്യ പങ്കാളി കണ്ടെത്തണം. സര്‍ക്കാര്‍ ചെലവഴിക്കുന്ന വിഹിതം 20 വര്‍ഷം കൊണ്ട് പലിശ സഹിതം സര്‍ക്കാരിന് തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ.
Next Story

RELATED STORIES

Share it