palakkad local

ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കൈയേറ്റം വ്യാപകം

ആലത്തൂര്‍: ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കൈയേറ്റം വ്യാപകമെന്ന് പരാതി. കൈയേറ്റം ഒഴിവാക്കാന്‍ നടപടിയെടുക്കേണ്ട പൊതുമരാമത്ത് വകുപ്പിന്റെ കൈയില്‍ ഇതിനാവശ്യമായ ഫണ്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ആലത്തൂര്‍ വാഴക്കോട് വരെയുള്ള 33 കിലോമീറ്റര്‍ റോഡില്‍ 10.242 കിലോമീറ്റര്‍ റോഡ് പാലക്കാട് ജില്ലയിലും 22.648 കിലോമീറ്റര്‍ റോഡ് തൃശൂര്‍ ജില്ലയിലുമാണുള്ളത്. ആലത്തൂര്‍, ചേലക്കര പൊതുമരാമത്ത് വകുപ്പ് ഡിവിഷന്റെ കീഴിലാണ് റോഡ്. അനധികൃത പരസ്യബോര്‍ഡുകള്‍, ചായക്കടകള്‍, തട്ടുകടകള്‍ എന്നിവ റോഡരികില്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. തൃശൂര്‍ ജില്ലയുടെ ഭാഗത്തെ റോഡിലാണ് കൂടുതല്‍ കൈയേറ്റങ്ങള്‍ നടന്നിരിക്കുന്നത്. പാലക്കാട് ഭാഗത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഫണ്ടില്ലാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് ഉേദ്യാഗസ്ഥര്‍ അറിയിച്ചു.2014 ലാണ് ആലത്തൂര്‍ വാഴക്കോട് റോഡിന്റെ ആലത്തൂര്‍ ഡിവിഷന്റെ ഭാഗത്തെ റോഡ് രണ്ട് റീച്ചുകളായി ബിറ്റുമിനൈസ്ഡ് മെക്കാഡം ആന്‍ഡ് ബിറ്റുമിനൈസ്ഡ് കോണ്‍ക്രീറ്റിങ് രീതിയില്‍ നവീകരിച്ചത്. പ്ലാഴി മുതല്‍ കലാമണി വരെയുള്ള റീച്ചില്‍ റോഡ് പലയിടത്തും തകര്‍ന്ന നിലയിലാണ്. പാടൂര്‍ തോണിക്കടവ് മുതല്‍ ചെമ്മണാംകുന്ന് വരെ മംഗലം പുഴയുടെ തീരത്തുകൂടെ പോകുന്ന റോഡാണ് കൂടുതല്‍ തകര്‍ന്നിരിക്കുന്നത്.റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുഴികളടച്ച് റോഡ് നവീകരിക്കണമെന്നുമാണവശ്യം.
Next Story

RELATED STORIES

Share it