wayanad local

ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ : തീരുമാനം കലക്ടര്‍ക്ക് വിട്ടു



മാനന്തവാടി: വിദേശപൗരന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആലത്തൂര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഇനി ജില്ലാ കലക്ടര്‍. എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരേ ഫയല്‍ ചെയ്ത ഹരജി പരിഗണിച്ച്, വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു. എസ്‌റ്റേറ്റ് നിലവില്‍ കൈവശം വയ്ക്കുന്ന കര്‍ണാടക സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഡച്ച് പൗരനായ ജുബര്‍ട്ട് വാനിംഗന്‍ എന്നയാളുടെ ദത്തുപുത്രനാണ് താനെന്നും അദ്ദേഹം തനിക്ക് ഇഷ്ടദാനമായി എസ്‌റ്റേറ്റ് നല്‍കിയതാണെന്നും അതിനാല്‍ ഏറ്റെടുക്കരുതെന്നുമാണ് ഈശ്വര്‍ ആവശ്യപ്പെട്ടത്. ജുബര്‍ട്ട് വാനിംഗനുമായി രക്തബന്ധമില്ലാത്ത ആളാണ് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍. അനന്തരാവകാശികളില്ലെങ്കില്‍ വിദേശപൗരന്റെ സ്വത്ത് സര്‍ക്കാരില്‍ ലയിക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടിക്കെതിരേയാണ് ഈശ്വര്‍ കോടതിയെ സമീപിച്ചത്. വാനിംഗന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്വത്തുക്കള്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുമെന്നു സൂചിപ്പിച്ച് 2013 സപ്തംബറില്‍ മാനന്തവാടി സബ് കലക്ടര്‍ വീണ എന്‍ മാധവന്‍ ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ജുബര്‍ട്ട് വാനിംഗന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കേരളത്തിലെയും കര്‍ണാടകയിലെയും സ്വത്തുക്കള്‍ ഈശ്വര്‍ ആണിപ്പോള്‍ കൈവശംവയ്ക്കുന്നത്. ഇതിനിടെ, ആലത്തൂര്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള വാനിംഗന്റെ സ്വത്തുക്കള്‍ക്ക് താനാണ് അവകാശിയെന്ന വാദവുമായി ബ്രിട്ടനിലെ ആസ്‌കോയില്‍ താമസിക്കുന്ന മെറ്റില്‍ഡ എന്ന ടില്ലി ഗിഫോര്‍ഡ് മെയ് മാസം ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. 2012ല്‍ വാനിംഗന്റെ ബന്ധുവായ തന്റെ പേരില്‍ സ്വത്ത് സംബന്ധിച്ച് കരാറുണ്ടെന്നവകാശപ്പെട്ടാണ് ഇവര്‍ രംഗത്തുവന്നത്. ഇതുസംബന്ധിച്ച നിയമോപദേശം അഡ്വക്കറ്റ് ജനറലില്‍ നിന്നു തേടാനിരിക്കെയാണ് പുതിയ കോടതി വിധി. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ ജുബര്‍ട്ട് വാനിംഗന്റെ സ്വത്തുകൈമാറ്റം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തതായി കാണിച്ച് 2013 മാര്‍ച്ച് 11ന് ജുബര്‍ട്ട് വാനിംഗന്‍ ഒരു ദൂതന്‍ മുഖേന കര്‍ണാടകയിലെ നസര്‍ബാദ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് ഭൂമി ഇടപാടിനെക്കുറിച്ച് സംശയമുയര്‍ന്നത്. പരാതി നല്‍കി ഒരു ദിവസം കഴിഞ്ഞ് വാനിംഗന്‍ മരിച്ചു. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 101 വയസ്സുണ്ടായിരുന്നു. കര്‍ണാടക പോലിസ് നടത്തിയ അന്വേഷണത്തില്‍, മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ വാനിംഗനെ തടവറയിലാക്കിയിരുന്നതായും സ്വത്ത് തട്ടിയെടുക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ പരിചാരകര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയതായും കണ്ടെത്തിയിരുന്നു. ഗൂഢാലോചന, സ്വത്ത് തട്ടിയെടുക്കല്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വറിനെതിരേ കര്‍ണാടക പോലിസ് ചുമത്തിയിരുന്നത്. മൈക്കിള്‍ ഫ്‌ളോയിഡിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ആദ്യം തള്ളിയിരുന്നു. പിന്നീട് ഇയാള്‍ കര്‍ണാടക ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടി. പിന്നീട് അനുകൂല വിധിയും. മുമ്പ് കേസ് അന്വേഷിച്ച കര്‍ണാടക പോലിസ് വാനിംഗന്റെ ഉടമസ്ഥതയില്‍ കര്‍ണാടകയിലുള്ള സ്വത്ത് മുഴുവന്‍ കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ശുപാര്‍ശ നല്‍കിയത്. കര്‍ണാടക പോലിസ് റിപോര്‍ട്ടില്‍ വയനാട്ടിലെ എസ്‌റ്റേറ്റിന്റെ കാര്യവും സൂചിപ്പിച്ചിരുന്നു. ഭൂമി തനിക്കവശപ്പെട്ടതാണെന്നും യഥാര്‍ഥ ദത്തുപുത്രന്‍ താനാണന്നുമുള്ള ഈശ്വറിന്റെ വാദം ശരിവച്ച കര്‍ണാടക ഹെക്കോടതി ഉത്തരവ് രണ്ടുമാസം മുമ്പ് സുപ്രിംകോടതി റദ്ദ് ചെയ്തതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. വിദേശപൗരന്റെ ദുരൂഹമരണം പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ജുബര്‍ട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് മൈക്കിള്‍ ഈശ്വറിന്റെ സുഹൃത്തും മൈസൂരു ആദിത്യ ആശുപത്രി ഡയറക്ടറുമായ ഡോ. ചന്ദ്രശേഖറിനെ കര്‍ണാടക സിഐഡി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it