thrissur local

ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കമ്മീഷനിങ് നീളുന്നു

കൊടകര: മലയോരജനതയുടെ വികസന പ്രതീക്ഷകളിലൊന്നായ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ കമ്മീഷനിംഗ് അനിശ്ചിതമായി നീളുന്നു. പാലത്തിന്റേയും ഇതോടനുബന്ധിച്ചുള്ള റഗുലേറ്ററിന്റേയും പണികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചിട്ടും അപ്രോച്ച് റോഡുകളുടെ പണികള്‍ നടക്കാത്തതാണ് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകുന്നതിനു കാരണം.
അപ്രോച്ച് റോഡുകള്‍ക്കായി നേരത്തെ അനുവദിക്കപ്പെട്ടിട്ടുള്ള തുക നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്നതിനാല്‍ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചു കിട്ടണമെന്ന ആവശ്യമാണ് കരാറുകാര്‍ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാകാത്തതാണ് തുടര്‍പണികള്‍ വൈകാന്‍ ഇടയാക്കുന്നതെന്നറിയുന്നു.
ആവശ്യമായ ഫണ്ട് അനുവദിച്ചു കിട്ടിയാല്‍ ഒന്നോരണ്ടോ ആഴ്ചകള്‍കൊണ്ട് അപ്രോച്ച് റോഡിന്റെ പണികള്‍ പൂര്‍ത്തീകരിക്കാനാകും. കാലവര്‍ഷം ആരംഭിക്കാറായ സാഹചര്യത്തില്‍ ഫണ്ട് ഉടന്‍ അനുവദിക്കപ്പെട്ടാല്‍പോലും മഴക്കാലം കഴിയാതെ ഇനി റോഡുപണി നടത്താനാവില്ല. ഈ വേനലില്‍ പാലം ഗതാഗതത്തിനു തുറന്നുകിട്ടുമെന്നു കരുതി കാത്തിരുന്ന നാട്ടുകാരെ അപ്രോച്ച് റോഡുകളുടെ പണി വൈകുന്നത് നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
കൊടകര, മറ്റത്തൂര്‍, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ കാര്‍ഷിക വാണിജ്യ മേഖലകളുടെ പുരോഗതിക്ക് വഴിതുറക്കുന്നതാണ് കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ്. നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപയോഗപ്പെടുത്തി 2008ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് കോടി രൂപയായിരുന്നു ആദ്യഘട്ടത്തില്‍ ഇതിന് അനുവദിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പണികള്‍ പകുതി ഘട്ടമെത്തിയപ്പോഴേക്കും സ്തംഭിച്ചു. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
പിന്നീട് ആറ്റപ്പിള്ളി പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് രണ്ടാം ഘട്ടമായി ഏഴുകോടി രൂപയോളം സര്‍ക്കാര്‍ അനുവദിച്ചു. 2016 ഒക്ടോബറിലാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ തെക്കന്‍ജില്ലകളില്‍ നിന്ന് ചിമ്മിനി ഡാമിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആമ്പല്ലൂര്‍ വഴി ചുറ്റിവളയാതെ കൊടകരയില്‍ നിന്ന് മറ്റത്തൂര്‍, നന്തിപുലം, വരന്തരപ്പിള്ളി വഴി എളുപ്പത്തില്‍ ചിമ്മിനി ഡാമിലെത്താം. കൊടകര-വരന്തരപ്പിള്ളി, കൊടകര-മുപ്ലിയം, കനകമല-വരന്തരപ്പിള്ളി റൂട്ടുകളില്‍ പുതിയ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാനും മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും പദ്ധതി പ്രയോജനപ്രഥമാകും.
പാലത്തിനോടുബന്ധിച്ചുള്ള റഗുലേറ്ററില്‍ വെള്ളം സംഭരിക്കപ്പെടുന്നതോടെ വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ ജലസേചനസൗകര്യം പതിന്മടങ്ങ് വര്‍ധിക്കുകയും കാര്‍ഷികോല്‍പ്പാദനം വര്‍ധിക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ഇറിഗേഷന്‍ വകുപ്പ് പുഴയില്‍ നിര്‍മ്മിക്കുന്ന വാസുപുരം ചക്കാലക്കടവ്, തോട്ടുമുഖം എന്നിവിടങ്ങളിലെ താല്‍ക്കാലിക മണ്‍ചിറകള്‍ ഒഴിവാക്കാനും സാധിക്കും. പുഴയോര പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കാനും റഗുലേറ്ററില്‍ സംഭരിക്കപ്പെടുന്ന വെള്ളം ഉപയോഗപ്പെടും.
Next Story

RELATED STORIES

Share it