ആറു ജില്ലകളില്‍ പ്ലസ്‌വണ്ണിന് കൂടുതല്‍ സീറ്റ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്ലസ്‌വണ്ണിന് 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കുന്നത്.
പ്ലസ്‌വണ്‍ സീറ്റുകളുടെ എണ്ണത്തിലെ അസന്തുലിതാവസ്ഥ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് മലബാറിലെ സ്‌കൂളുകള്‍ക്ക് കൂടുതല്‍ സീറ്റ് അനുവദിക്കാന്‍ തീരുമാനമായത്. ഇത്തവണ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ എസ്എസ്എല്‍സി പരീക്ഷാ വിജയികളേക്കാളും ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ കൂടുതലും ആറ് ജില്ലകളില്‍ കുറവുമായിരുന്നു. മലപ്പുറം ജില്ലയിലാണ് ഇത്തവണയും വിജയികളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമുണ്ടായത്.
മലപ്പുറത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ സീറ്റുകളും പരിഗണിച്ചാല്‍ പോലും എസ്എസ്എല്‍സി പാസായ 17,216 പേര്‍ക്ക് സീറ്റുണ്ടാവില്ല. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് എസ്എസ്എല്‍സി വിജയികളുടെ എണ്ണത്തേക്കാള്‍ പ്ലസ്‌വണ്‍ സീറ്റുകളുള്ളത്. മലപ്പുറത്തിനു പുറമെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വിജയികളുടെ എണ്ണത്തേക്കാള്‍ സീറ്റുകള്‍ കുറവുള്ളത്.
മലപ്പുറം ജില്ലയില്‍ വിജയികളുടെ എണ്ണം 77,922ഉം സീറ്റുകളുടെ എണ്ണം 60,706ഉം ആണ്. പാലക്കാട് ജില്ലയില്‍ 7101, കോഴിക്കോട് ജില്ലയില്‍ 3694, വയനാട്ടില്‍ 1178, കണ്ണൂരില്‍ 819, കാസര്‍കോട്ട് 1774 സീറ്റുകളുടെ കുറവാണുള്ളത്.
Next Story

RELATED STORIES

Share it