Idukki local

ആറുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി



നെടുങ്കണ്ടം: ആറുവയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മുണ്ടിയെരുമ സ്വദേശി ജയന്‍-സുധ ദമ്പതികളുടെ മകന്‍ ആറ് വയസ്സുകാരനായ സഞ്ജയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകീട്ട് നാലോടെയാണു സംഭവം. മുണ്ടിയെരുമ കല്ലാര്‍ ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഞ്ജയ് സ്‌കൂള്‍ വിട്ട് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് നടന്നുപോവുന്നതിനിടെ തെരുവുനായ കടിച്ചുകീറുകയായിരുന്നു. മുണ്ടിയെരുമ ടൗണില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം എത്തിയ കുട്ടിയുടെ മേല്‍ തെരുവുനായ ചാടിക്കയറി. കുട്ടിയുടെ ദേഹത്ത് കയറിയ നായ മുഖത്തും വയറിലും കൈകാലുകളിലും പുറത്തും കടിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ച കുട്ടിയെ റോഡിലൂടെ കടിച്ചുവലിച്ചു. ഈ സമയം ഇതുവഴി കാറില്‍ എത്തിയവര്‍ സംഭവം കണ്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവര്‍തന്നെയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുണ്ടിയെരുമയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്‌കൂളിന് സമീപം തന്നെയുള്ള കാട് പിടിച്ചുകിടക്കുന്ന സര്‍ക്കാര്‍ വക സ്ഥലം തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. ടൗണിലൂടെയും മറ്റും നിരവധി തെരുവുനായ്ക്കള്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ചുറ്റും തെരുവുനായ്ക്കള്‍ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച പത്ത് പേര്‍ക്കാണ് നെടുങ്കണ്ടത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത്.
Next Story

RELATED STORIES

Share it