Flash News

ആറാം മാസം ജനിച്ച അയാന്‍ ഇന്ന് അക്ഷരലോകത്തേക്ക്

കൊച്ചി: ആറാം മാസം ജനിച്ച, 500 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന അയാന്‍ ഇനി അക്ഷരമധുരത്തിലേക്ക്. പുതിയകാവ് ഗവണ്‍മെന്റ് സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥിയായി സഹോദരി തന്‍ഹ ഫാത്തിമയ്‌ക്കൊപ്പം അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവടുവയ്ക്കുകയാണ് അയാന്‍. 500 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന അയാന് ഇപ്പോള്‍ 12 കിലോ തൂക്കമുണ്ട്.
ഓട്ടോഡ്രൈവര്‍ ഷിഹാബിന്റെയും ഷീബയുടെയും മൂന്നാമത്തെ കുട്ടിയായി 2014 നവംബര്‍ 10നായിരുന്നു അയാന്റെ ജനനം. ഗര്‍ഭധാരണം സങ്കീര്‍ണമായതിനാല്‍ ലൂര്‍ദ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ നീന തോമസിന്റെ വിദഗ്ധ ചികില്‍സയിലായിരുന്നു ഷീബ. എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഗര്‍ഭപാത്രത്തിലെ തകരാറും തിരിച്ചടിയായി. അതോടെ കുഞ്ഞിലേക്ക് മറുപിള്ളയില്‍ നിന്നുള്ള രക്തയോട്ടം കുറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഇതു ഭീഷണിയായി. ഗുരുതരാവസ്ഥയിലായതോടെ അമ്മയുടെ ജീവന്‍ രക്ഷിക്കാനായി ശസ്ത്രക്രിയ ചെയ്ത് കുഞ്ഞിനെ പുറത്തെടുത്തു. ശ്വാസതടസ്സം നേരിട്ട കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം കുഞ്ഞ് നിയോനെറ്റല്‍ ഐസിയുവില്‍ കഴിഞ്ഞു.
മാസം തികയാതെ ജനിച്ചതിനാലും ആന്തരികാവയവങ്ങള്‍ പൂര്‍ണവ ളര്‍ച്ചയെത്താത്തതിനാലും കുഞ്ഞിന് അണുബാധ വരാതെ ശ്രദ്ധിക്കണമെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പിന്നീടുള്ള ഒരുവര്‍ഷക്കാലം അണുബാധ ഉണ്ടാവാതിരിക്കാനായി ഷീബയും അയാനും വീട്ടില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കഴിഞ്ഞു.
ഷിഹാബിന്റെ തുച്ഛവരുമാനംകൊണ്ട് ചികില്‍സാച്ചെലവുകള്‍ പൂര്‍ണമായും നടത്താ ന്‍ കഴിഞ്ഞിരുന്നില്ല. ലൂര്‍ദ് ആശുപത്രി അധികൃതരും ഡോ. റോജോയും നിയോനെറ്റല്‍ ഐസിയുവിലെ സ്റ്റാഫംഗങ്ങളും ചികില്‍സാച്ചെലവിലേക്ക് സംഭാവന ചെയ്തു. ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍, അയാന്റെ പിതാവ് ഷിഹാബ്, മാതാവ് ഷീബ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it