kannur local

ആറളത്ത് ആനമതില്‍ തകര്‍ത്ത് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍

ഇരിട്ടി: ആനമതില്‍ തകര്‍ത്ത് ആറളം വന്യജീവി സങ്കേതത്തില്‍ നിന്നു കാട്ടാനക്കൂട്ടം ആദിവാസി പുനരധിവാസ മേഖലയിലേക്ക് കടന്നതോടെ ആറളംഫാമില്‍ ആദിവാസികള്‍ ഉള്‍പ്പെടെ ജനം ഭീതിയിലായി.
പുനരധിവാസ മേഖലയും വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ഫാം ഒമ്പതാം ബ്ലോക്ക് വളയംചാലിനടുത്ത് ആനമുക്കില്‍ രണ്ടു മീറ്ററോളം ഉയരത്തില്‍ കെട്ടിയ ആനമതിലാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ആദിവാസികളുടെ വീട്ടുമുറ്റത്തു കൂടിയാണ് ആനക്കൂട്ടം കടന്നുപോയത്. വന്യജീവി സങ്കേതത്തില്‍ നിന്നു അഞ്ചോളം ആനകള്‍ ജനവാസ മേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചേെയാടെയാണ് മതില്‍ തകര്‍ത്തതെന്ന് സംശയിക്കുന്നു.
10 മീറ്ററോളം നീളത്തില്‍ മതിലിന്റെ പകുതിയിലധികം ഭാഗം തകര്‍ത്താണ് ആനക്കൂട്ടമെത്തിയത്. നേരത്തേ മതിലിനുമുകളില്‍ മരം തള്ളിയിട്ടും മറ്റും ആനക്കൂട്ടം മതില്‍ കടന്നെത്തിയിരുന്നു. ആനമുക്ക് ഭാഗത്ത് നേരത്തേ ആനമതില്‍ ചെറിയ ഭാഗങ്ങളില്‍ തകര്‍ത്തിരുന്നു. തകര്‍ന്ന ഭാഗങ്ങള്‍ ഉടന്‍തന്നെ വനംവകുപ്പ് പുനര്‍നിര്‍മ്മിക്കുകയും ചെയ്തിരുന്നു. ആറളം ഫാമിന്റെ അധീനതയിലും പുനരധിവാസ മേഖലയിലെ കാടുമൂടിയ പ്രദേശത്തും ഒന്ന് രണ്ട് ആനകള്‍ നേരത്തേ താവളമാക്കിയിരുന്നു.
ഇതിനു പുറമെയാണ് വനത്തില്‍ നിന്നു കൂടുതല്‍ എണ്ണം ജനവാസ മേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്. ഫാമിനകത്തു തന്നെയുള്ള ആന കഴിഞ്ഞ ദിവസം എട്ടാം ബ്ലോക്കില്‍ പത്തോളം തെങ്ങുകള്‍ കുത്തിവീഴ്ത്തിയിരുന്നു. പുതുതായി ജനവാസ മേഖലയിലേക്ക് കടന്ന ആനക്കൂട്ടത്തെ കണ്ടെത്താന്‍ ആറളം ഫാമിലെ തൊഴിലാളികളുടെയും വാച്ചര്‍മാരുടേയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കെ ഫാമിന്റെയും ആദിവാസികളുടെയും കൈവശമുള്ള ഭൂമിയില്‍ കാട് വെട്ടിത്തെളിക്കുന്ന പ്രവ്യത്തി വ്യാപകമായി നടക്കുകയാണ്. നൂറിലധികം തൊഴിലാളികളാണ് ഇതില്‍ ഏര്‍പെട്ടിരിക്കുന്നത്.
പടര്‍ന്നു പന്തലിച്ച കാട്ടിനുള്ളില്‍ സമീപത്തെത്തിയാല്‍ മാത്രമാണ് ആനയെ കാണാന്‍ പറ്റുകയുള്ളൂ. അതിനാല്‍ തൊഴിലാളികള്‍ ഭീതിയോടെയാണ് പണിയെടുക്കുന്നത്. ജനവാസ മേഖലയില്‍ കടന്ന ആനക്കൂട്ടത്തെ വൈകാതെ വാനത്തിനുള്ളിലേക്ക് തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വന്‍ അപകടം ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
Next Story

RELATED STORIES

Share it