kannur local

ആറളം ഫാം : ആദിവാസി ഊരുകൂട്ടങ്ങള്‍ക്ക് വ്യത്യസ്ത നിലപാട്



ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ പതിച്ചുനല്‍കിയ ഭൂമിയിലെ കാടുകള്‍ ഇല്ലാതാക്കി വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍, കശുമാവ് കൃഷിക്കിടയില്‍ ഇടവിളയായി കൈതച്ചക്ക കൃഷി നടത്തുന്നു. എന്നാല്‍ ഇതിനോട് ആദിവാസി ഊരുക്കൂട്ടങ്ങളില്‍ വ്യത്യസ്ത നിലപാട്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടന്ന ഊരുകൂട്ടത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനായില്ല. ആള്‍താമസമില്ലാത്ത, പതിച്ചുനല്‍കിയ ഭൂമിയിലെ പൊന്തക്കാടുകള്‍ക്കുള്ളിലാണ് കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കഴിയുന്നത്. കാട് വെട്ടിത്തെളിച്ച് ഇവിടെ കൃഷിയിറക്കിയാല്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ഒരു പരിധിവരെ ഇല്ലാതാക്കന്‍ കഴിയുമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഊരുകൂട്ടങ്ങളുടെ അഭിപ്രായം തേടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്.ഫാമിലെ കാട്ടാന ഭീഷണി പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നതായിരുന്നു, കാടുമൂടിയ സ്ഥലങ്ങളില്‍ കൈതച്ചക്ക കൃഷി ഇടവിളയായി നടത്തണമെന്ന നിര്‍ദ്ദേശം. ഇതിനെ ചില ആദിവാസി സംഘടനകള്‍  എതിര്‍ത്തതിനെ തുടര്‍ന്നാണ് പുനരധിവാസ മേഖലയിലെ ഊരുകൂട്ടങ്ങളുടെ അഭിപ്രായം തേടന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജരെയും ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ഇതിനായി ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ഊരുകൂട്ടങ്ങളില്‍ ആറെണ്ണത്തില്‍ നാലെണ്ണം കൈതച്ചക്ക കൃഷി നടത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ട് ഊരുകൂട്ടങ്ങള്‍ പൂര്‍ണമായും എതിര്‍ത്തു. 7,9.11,12 ബ്ലോക്കുകളിലെ ഊരുകൂട്ടങ്ങളാണ് നിര്‍ദേശത്തെ അനുകൂലിച്ചത്. 10,13 ബ്ലോക്കുകള്‍ രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. 7ാം ബ്ലോക്കില്‍ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ വോട്ടെടുപ്പ് നടത്തേണ്ടി വന്നു. 107 പേര്‍ പങ്കെടുത്ത യോഗത്തില്‍ 79 പേര്‍ കൃഷി നടത്തുന്നതിനെ അനുകൂലിച്ചപ്പോള്‍ 28 പേര്‍ എതിര്‍ത്തു. ഊരുകൂട്ടങ്ങളുടെ അഭിപ്രായം പുനരധിവാസ മിഷന്‍ അധികൃതര്‍ ഉടന്‍ തന്നെ കലക്ടര്‍ക്ക് കൈമാറും. കാടുമൂടിക്കിടക്കുന്ന ഭൂമിയില്‍ കശുമാവ് കൃഷിയും ഇടവിളയായി കൈതച്ചക്കകൃഷിയും നടത്താനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. കൈതച്ചക്ക കൃഷി നടത്താന്‍ സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നതോടെ കാടുകള്‍ ഇല്ലാതാവുകയും തരിശുഭൂമിയിലെല്ലാം കൃഷി ഭൂമിയായി മാറുകയും ചെയ്യും. ഭൂമി പാട്ടത്തിനെടുക്കുന്നവര്‍ തന്നെയാണ് കശുമാവ് കൃഷി നടത്തി പരിപാലിക്കേണ്ടത്. മൂന്നു നാല് വര്‍ഷത്തോടെ കാടുമൂടിക്കിടക്കുന്ന പ്രദേശം മുഴുവന്‍ കശുമാവ് തോട്ടങ്ങളായി മാറും. ആദിവാസികള്‍ക്ക് തൊഴിലും കൂലിയും ഇതോടൊപ്പം ഉറപ്പുവരുത്താനാവുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. കാടുകള്‍ ഇല്ലാതായാല്‍ ആറളം വന്യജീവി സങ്കേത്തതില്‍നിന്ന് ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ എളുപ്പത്തില്‍ വനത്തിലേക്ക് തിരിച്ചുവിടാന്‍ കഴിയും. ഒരുവിഭാഗം ആദിവാസികളുടെ എതിര്‍പ്പ് പ്രശ്‌നപരിഹാരത്തിന് തിരിച്ചടിയായിരിക്കുകയാണ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ വേലായുധന്‍, ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ തോമസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ റൈഹാനത്ത് സുബി, ഡോ. ത്രേസ്യാമ്മ കൊങ്ങോല, ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ പി പി ഗിരീഷ്, വിവിധ ബ്ലോക്കുകളിലെ ഊരുമൂപ്പന്മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it