kasaragod local

ആര്‍ ഒ പ്ലാന്റ് തകരാറിലായി : ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് നിര്‍ത്തിവച്ചു



കാസര്‍കോട്: ജനറല്‍ ആശുപത്രിയിലേക്ക് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തി ല്‍ ക്രമാതീതമായി ഉപ്പുകയറിയതിനെ തുടര്‍ന്ന് ഡയാലിസിസ് യൂനിറ്റിലെ ആര്‍ ഒ പ്ലാന്റ് കേടായി. തുടര്‍ന്ന് ഡയാലിസിസ് നിര്‍ത്തിവച്ചു. വാട്ടര്‍ അതോറിറ്റിയുടെ വെള്ളവും കിണര്‍ വെള്ളവും ചേര്‍ത്താണ് ഡയാലിസിസിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തില്‍ അമിതമായ ഉപ്പുകലര്‍ന്നതിനാല്‍ ആര്‍ ഒ പ്ലാന്റ് കേടാവുകയായിരുന്നു. പ്രതിദിനം അയ്യായിരം ലിറ്റര്‍ വെള്ളമാണ് ഡയാലിസിസിന് ആവശ്യമായുള്ളത്. ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിങ് ഹോസ്റ്റലിലെ കിണര്‍ വെള്ളം ഉപയോഗിച്ച് പുതിയ ടാങ്ക് സ്ഥാപിച്ച് വേണം ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. വെള്ളിയാഴ്ച സാങ്കേതിക വിദഗ്ധര്‍ എത്തി കഴിഞ്ഞാല്‍ ശനിയാഴ്ചയോടു കൂടി ഡയാലിസിസ് പ്രവര്‍ത്തിപ്പിക്കാനാവുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് മെഷീനുകള്‍ക്ക് തകരാറ് സംഭവിച്ച വിവരം ശ്രദ്ധയില്‍പ്പെടുന്നത്. ഡയാലിസിസ് ചെയ്യേണ്ട രോഗികളുടെ ബന്ധുക്കള്‍ക്ക് ഉടന്‍ വിവരം കൈമാറി. അടുത്ത ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ പകരം സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് വിവരം കൈമാറിയത്. എട്ട് ഡയാലിസിസ് മെഷീനുകളാണ് ഇവിടെയുള്ളത്. ഒരു ഡയാലിസിസ് മെഷീന് കുറഞ്ഞത് 250 മുതല്‍ 275 ലിറ്റര്‍ വരെ വെള്ളം ആവശ്യമാണ്. ഒരു ദിവസം ഒരു മെഷീനില്‍ രണ്ട് തവണയാണ് ഡയാലിസിസ് ചെയ്യുന്നത്. ഒരു തവണ ചെയ്തുകഴിഞ്ഞാല്‍ റിവേഴ്‌സ് ഓസ്‌മോസിസ് (ആര്‍ ഒ പ്ലാന്റ്) പ്ലാന്റ് വൃത്തിയാക്കാനായി 250 ലിറ്റര്‍ വെള്ളമാണ് വേണ്ടിവരുന്നത്. ഒരു മെഷീന് മാത്രം ദിവസം 500 ലിറ്റര്‍ വെള്ളം വേണം. എട്ട് മെഷീനുകള്‍ക്ക് കൂടി ദിവസം 5000 ലിറ്റര്‍ വെള്ളമാണ് വേണ്ടിവരുന്നത്. പ്രതിദിനം 16 പേര്‍ക്കെങ്കിലും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ജനറല്‍ ആശുപത്രിയിലുണ്ട്.
Next Story

RELATED STORIES

Share it