Flash News

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ദുഷ്പ്രചാരണങ്ങള്‍ : ഈ മാസം ഒമ്പതിന് രാജ്യവ്യാപക പ്രതിഷേധമെന്ന് യെച്ചൂരി



ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെയും ബിജെപിയുടെയും ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ ഒക്ടോബര്‍ ഒമ്പതിന് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ മറച്ചുവയ്ക്കുന്നതിനായാണ് ആര്‍എസ്എസും ബിജെപിയും കേരളത്തിനെതിരേ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു. ഈ ആരോപണങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ആര്‍എസ്എസും ബിജെപിയും തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പരീക്ഷണശാലയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാര സംഘടനകളുടെ ഏതു തരത്തിലുള്ള വെല്ലുവിളികളെയും ജനാധിപത്യ രീതിയില്‍ നേരിടാന്‍ സിപിഎം തയ്യാറാണ്. കേരളത്തില്‍ ആദ്യം അക്രമങ്ങള്‍ അഴിച്ചു വിട്ടത് ആര്‍എസ്എസാണ്. സംസ്ഥാനത്ത് സിപിഎം അധികാരത്തില്‍ എത്തിയതിന്റെ തൊട്ടു പിന്നാലെ തന്നെ കൊലപാതകങ്ങള്‍ക്കു തുടക്കമിട്ടത് ആര്‍എസ്എസാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി വിവിധ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. എന്നിട്ടും അക്രമരാഷ്ട്രീയത്തില്‍ നിന്നു പിന്‍മാറാന്‍ ആര്‍എസ്എസ് തയ്യാറായില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. വടക്കന്‍ കേരളത്തില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. രാജ്യത്തെ ഒട്ടുമിക്ക കലാപങ്ങളിലും കലാപങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണങ്ങളില്‍ ഉള്‍പ്പെടെ ആര്‍എസ്എസിന്റെ പങ്ക് വളരെ വ്യക്തമായിട്ടുള്ളതാണ്. രാജ്യത്തെ മൊത്തത്തില്‍ മോദി സര്‍ക്കാര്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടായി. സാമ്പത്തിക വളര്‍ച്ചയിലും രാജ്യം പിന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും പലവിധ തിരിച്ചടികള്‍ നല്‍കി. മൊത്തത്തില്‍ ജനവികാരം സര്‍ക്കാരിനെതിരാണ്. വിവിധ സ്ഥലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക സമരങ്ങള്‍ തന്നെ ഇതിന് ഉദാഹരണമാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാന്‍ ആര്‍എസ്എസും ബിജെപിയും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അക്രമം വ്യാപകമാണെന്ന വ്യാജപ്രചാരണം നടത്തുകയാണെന്ന് യെച്ചൂരി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലെയുള്ളവര്‍ കേരളത്തിലെ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് അവയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കി പഠിക്കുകയാണ് വേണ്ടതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it