ആരവങ്ങള്‍ അവസാനത്തിലേക്ക്...

മോസ്‌കോ: ഇരുപത്തിയൊന്നാമത് റഷ്യന്‍ ലോകകപ്പിന്റെ ആരവങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഇനി നാല് പ്രതീക്ഷകളും  രണ്ട് വിജയങ്ങളും മാത്രം. 32 ടീമുകള്‍ ഇറങ്ങിയ റഷ്യന്‍ പോര് നാല് ടീമുകളിലേക്കായി ചുരുങ്ങിയിരിക്കുന്നു. ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റിയ അവസാന റൗണ്ടില്‍ ഇനി യൂറോപ്യന്‍ ടീമുകള്‍ മാത്രം.  വിജയം ആര്‍ക്കൊപ്പം എന്ന് ഊഹിക്കാന്‍ കഴിയാത്ത രീതിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രണ്ട് വിജയം സ്വന്തമാക്കുന്നവര്‍ ഇനി കാല്‍പ്പന്തിന്റെ സിംഹാസനത്തില്‍ കളംവാഴും. ഒന്നിനൊന്ന് മെച്ചവുമായി നാല് ടീമും മുന്നേറുമ്പോള്‍ കപ്പ് ആര് ഉയര്‍ത്തുമെന്നത് പ്രവചനാതീതം.

ബെല്‍ജിയം-ഫ്രാന്‍സ്
ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ബെല്‍ജിയം ഫ്രാന്‍സിനെ നേരിടും. ഈ ലോകകപ്പില്‍ ചാമ്പ്യന്മാരെ പോലെ ഇതുവരെ കളിച്ചത് ബെല്‍ജിയമായിരുന്നു. ഗ്രൂപ്പ് ഘട്ടം മുതല്‍ ഇങ്ങോട്ട് എല്ലാ മത്സരങ്ങളിലും വിജയിച്ചു. ഗ്രൂപ്പില്‍ ഇംഗ്ലണ്ടും, ക്വാര്‍ട്ടറില്‍ ബ്രസീലും ഒക്കെ ബെല്‍ജിയത്തിന്റെ മുന്നില്‍ തടസ്സങ്ങളായി വന്നു എങ്കിലും എല്ലാം മറികടന്നാണ് ബെല്‍ജിയം സെമിയില്‍ എത്തിയിരിക്കുനത്. 1986ന് ശേഷം ബെല്‍ജിയത്തിന്റെ ആദ്യ സെമിയാണ് ഇത്. ഈ ലോകകപ്പില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ചതും ബെല്‍ജിയമാണ്. ബെല്‍ജിയത്തിന് ഇത് ലോകകപ്പിലെ രണ്ടാം സെമിയാണ്. 1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമാണ് തിരിച്ചുവരവ്.
മുന്നേറ്റ നിരയ്‌ക്കൊപ്പം ഗോള്‍ വല കാത്ത തിബൂട്ട് കുര്‍ട്ടോയ്‌സിന്റെ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ബ്രസീല്‍ ഗോളെന്നുറപ്പിച്ച് അഞ്ചിലേറെ ഷോട്ടുകളാണ് കുര്‍ട്ടോയ്‌സ് മിന്നും സേവുകളിലൂടെ ഇല്ലാതാക്കിയത്.
ഗ്രൂപ്പ് ഘട്ടം മുതല്‍ വന്‍ പ്രകടനങ്ങള്‍ ഒന്നുമല്ല ഫ്രാന്‍സ് നടത്തിയത് എങ്കിലും ഫ്രാന്‍സ് ഇതുവരെ എല്ലാ കടമ്പകളും കടന്നു. റഷ്യയിലേക്ക് വന്നവരില്‍ കിരീട പ്രതീക്ഷ കല്‍പ്പിച്ച വമ്പന്മാരില്‍ ഫ്രാന്‍സ് മാത്രമെ അവശേഷിക്കുന്നുമുള്ളൂ. ഗ്രൂപ്പില്‍ ഡെന്മാര്‍ക്കിനോട് വഴങ്ങിയ സമനില മാത്രമെ നിരാശപ്പെടുത്തിയുള്ളൂ. പ്രീക്വാര്‍ട്ടറില്‍ മെസ്സിയേയും അര്‍ജന്റീനയേയും നാട്ടിലേക്ക് മടക്കിയത് ഫ്രാന്‍സ് ആണ്. ക്വാര്‍ട്ടറില്‍ ഉറുഗ്വേയുടെ കരുത്തുറ്റ ഡിഫന്‍സിനെയും ഫ്രാന്‍സ് മറികടന്നു. രണ്ടാം ലോകകപ്പ് കിരീടമാണ് ഫ്രാന്‍സിന്റെ ലക്ഷ്യം.

ഇംഗ്ലണ്ട് -ക്രൊയേഷ്യ
ഇരുപത്തിയെട്ട് വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനും ഇംഗ്ലീഷ് ആരാധകര്‍ക്കും ഇതൊരു സ്വപ്‌ന ലോകകപ്പാണ്. കെയ്‌നും സംഘവും ലോകകപ്പിനെ ഫുട്‌ബോളിന്റെ ജന്മ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങി തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം നിര ടീമിനെ ഇറക്കിയപ്പോള്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടത് ഒഴിച്ചാല്‍ ഇംഗ്ലണ്ട് എല്ലാ കളിയിലും മികച്ചു നിന്നു. കെയ്‌നിന്റെ ഗോളടിയും സെറ്റ് പീസുകളിലെ മികവും ആണ് ഇംഗ്ലണ്ടിന്റെ കരുത്ത്.
മോഡ്രിചിന്റെയും റാകിറ്റിചിന്റെയും ടീമായാണ് റഷ്യയില്‍ ക്രൊയേഷ്യ എത്തിയത്. ആ രണ്ട് താരങ്ങള്‍ അവരുടെ മികവ് എന്താണെന്ന് റഷ്യയില്‍ കാണിച്ചതിന്റെ ഫലമാണ് ഈ സെമി ഫൈനല്‍. വമ്പന്മാരെ ഒക്കെ മറികടന്ന് സെമിവരെ ക്രൊയേഷ്യ എത്തുമെന്ന് ആരും പ്രവചിച്ചതല്ല. അര്‍ജന്റീനയെ നാണംകെടുത്തിയ ഒരൊറ്റ പ്രകടനം മതി ക്രൊയേഷ്യയുടെ കരുത്ത് അറിയാന്‍. പ്രീ ക്വാര്‍ട്ടറില്‍ നാടകീയമായ പെനാല്‍റ്റി ഷൂട്ടൗറ്റിയും മറികടന്ന് വന്ന ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ റഷ്യന്‍ മണ്ണില്‍ റഷ്യയെയും വീഴ്ത്തി. ആദ്യം ഗോള്‍ നേടി അട്ടിമറിക്കരുത്ത് കാട്ടിയ റഷ്യയെ ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിലാണു ക്രൊയേഷ്യ കീഴടക്കിയത്. 120 മിനിറ്റ് കളിയില്‍ സ്‌കോര്‍ 22 ആയതിനെത്തുടര്‍ന്ന് നടന്ന ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ 43നു വിജയിച്ചു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണു ക്രൊയേഷ്യ ലോകകപ്പിന്റെ സെമിയിലെത്തുന്നത്. 1998ലെ ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോടു 21നു തോറ്റ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി മടങ്ങിയതാണ് മുന്‍പത്തെ മികച്ച പ്രകടനം. 11ന് രാത്രി 11.30നാണ് ഇംഗ്ലണ്ട് ക്രൊയേഷ്യ മല്‍സരം
Next Story

RELATED STORIES

Share it