ആഭരണ നികുതി പിന്‍വലിക്കില്ല: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: വെള്ളിയൊഴിച്ചുള്ള ആഭരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു ശതമാനം എക്‌സൈസ് തീരുവ പിന്‍വലിക്കില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ധനകാര്യ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ബില്ല് പിന്നീട് ലോക്‌സഭ പാസാക്കി.
എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തിയത് ചെറുകിട സ്വര്‍ണവ്യാപാരികളെയും സ്വര്‍ണ തൊഴിലാളികളെയും ബാധിക്കില്ല. 12 കോടി രൂപ വിറ്റുവരവുള്ള വ്യാപാരികളെ മാത്രമാണു തീരുവ ബാധിക്കുക. തീരുവയെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് കേരളത്തിലെ അഞ്ചു ശതമാനം വാറ്റ് നികുതി ആദ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് അതിവേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയിലേതെന്നും കാലവര്‍ഷം അനുകൂലമായാല്‍ ഈ വര്‍ഷം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച കൂടുതല്‍ വേഗത്തിലാവുമെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഫെബ്രുവരി 28ന് അവതരിപ്പിച്ച ധനകാര്യ ബില്ലില്‍ അദ്ദേഹം ചില ഭേദഗതികളും കൊണ്ടുവന്നു. 71,000 കോടിയുടെ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കാര്‍ഷികവരുമാനം നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശം മന്ത്രി തള്ളി. വന്‍തോതില്‍ കാര്‍ഷികവരുമാനമുള്ളവര്‍ അപൂര്‍വമാണെന്നും മറ്റു വരുമാന സ്രോതസ്സുകളെ കാര്‍ഷികവരുമാനമായി കാണിക്കുന്നവര്‍ക്കെതിരേ നികുതിവകുപ്പുദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യ ബില്ല് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്.
Next Story

RELATED STORIES

Share it