Flash News

ആഫ്രിക്കന്‍ പഞ്ചില്‍ അര്‍ജന്റീന വീണു; ബ്രസീലിന് സമനില

ആഫ്രിക്കന്‍ പഞ്ചില്‍ അര്‍ജന്റീന വീണു; ബ്രസീലിന് സമനില
X


വിംബ്ലി: റഷ്യയിലെ ഫുട്‌ബോള്‍ ലോകകപ്പില്‍ പോരാട്ടം മുറുകുന്നു വ്യക്തമാക്കി സൗഹൃദ പോരാട്ടത്തില്‍ കുഞ്ഞന്‍മാരുടെ അദ്ഭുത പ്രകടനം. കളിക്കരുത്തും താരപ്പെരുമയും ഏറെയുള്ള അര്‍ജന്റീനയെ നൈജീരിയ മുട്ടുകുത്തിച്ചപ്പോള്‍ സൂപ്പര്‍ പോരാട്ടത്തില്‍ ബ്രസീല്‍  ഇംഗ്ലണ്ടിനോടും ജര്‍മനി ഫ്രാന്‍സിനോടും സമനില സമ്മതിച്ചു. മറ്റ് മല്‍സരങ്ങളില്‍ ഉറുഗ്വേയെ ആസ്ട്രിയ വീഴ്ത്തിയപ്പോള്‍ സ്പാനിഷ്പടയെ റഷ്യ സമനിലയിലും തളച്ചു.

ആഫ്രിക്കന്‍കരുത്തില്‍ അര്‍ജന്റീന വീണു

ലയണല്‍ മെസ്സി എന്ന അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മിശിഹയുടെ അഭാവം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ നൈജീരിയയോട് 4-2നാണ് അര്‍ജന്റീന തോല്‍വി സമ്മതിച്ചത്. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് അര്‍ജന്റീന കളി കൈവിട്ടുകളഞ്ഞത്.
അഗ്വൂറോ, ഡിബാല, ഡി മരിയ, മസ്‌കാരാനോ എന്നിവരെല്ലാം എല്ലാം കളത്തിലുണ്ടായിട്ടും അര്‍ജന്റീനയ്ക്ക് മുട്ടുമടക്കേണ്ടി വന്നു. ലോകകപ്പിലേക്ക് അവസാന നിമിഷം യോഗ്യത സമ്പാദിച്ച അര്‍ജന്റീന 3-5-1-1 ശൈലിയില്‍ ബൂട്ടുകെട്ടിയപ്പോള്‍ 5-3-2 ശൈലിയിലാണ് നൈജീരിയ പോരിനിറങ്ങിയത്. മല്‍സരത്തിന്റെ 65 ശതമാനം സമയത്തും പന്തടക്കത്തില്‍ മുന്നിട്ട നിന്ന അര്‍ജന്റീന 27ാം മിനിറ്റില്‍ അക്കൗണ്ട് തുറന്നു. ബനേഗയാണ് അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ഒമ്പത് മിനിറ്റിനുള്ളില്‍ അഗ്വൂറോയും ലക്ഷ്യം കണ്ടെത്തിയതോടെ രണ്ട് ഗോള്‍ ലീഡോടെ കളിതുടര്‍ന്ന അര്‍ജന്റീനയുടെ പ്രതിരോധം 44ാം മിനിറ്റില്‍ ഇഹെനാചോ ഭേദിച്ചു. ഇതോടെ ഒന്നാം പകുതിയില്‍ 2-1ന്റെ ലീഡ് വഴങ്ങിയാണ് നൈജീരിയ കളം പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ ആഫ്രിക്കയുടെ ആക്രമണ ഫുട്‌ബോള്‍ ശൈലിയെന്തെന്ന് അര്‍ജന്റീന അനുഭവിച്ചറിഞ്ഞു. ഇടിമിന്നല്‍ ഷോട്ടുകളുമായി കളിക്കളത്തില്‍ ആവേശ മുന്നേറ്റം നടത്തിയ നൈജീരിയക്ക് വേണ്ടി 52ാം മിനിറ്റില്‍ ഇവോബി സമനില ഗോള്‍ സമ്മാനിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ ഇഡോവിലൂടെ നൈജീരിയ ലീഡ് സ്വന്തമാക്കി. പിന്നീടുള്ള സമയത്ത് പ്രതിരോധത്തിലേക്കൊതുങ്ങാതെ ആക്രമണ ശൈലി തുടര്‍ന്ന നൈജീരിയക്ക് വേണ്ടി 73ാം മിനിറ്റില്‍ ഇവോബി വീണ്ടും ലക്ഷ്യം കണ്ടെത്തിയതോടെ മല്‍സരം 4-2 എന്ന നിലയില്‍. കിട്ടിയ അവസരങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ അര്‍ജന്റീനയുടെ പോരാളികള്‍ക്ക് സാധിക്കാതെ വന്നതോടെ 4-2ന്റെ നാണംകെട്ട തോല്‍വിയോടെ അര്‍ജന്റീനക്ക് ബൂട്ടഴിക്കേണ്ടി വന്നു.

ഉറുഗ്വേയെ ആസ്ട്രിയ പൂട്ടി
സൗഹൃദ പോരാട്ടത്തില്‍ ഉറുഗ്വേയ്ക്ക് ആസ്ട്രിയയുടെ ഷോക്ക്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആസ്ട്രിയ വിജയക്കൊടി പാറിച്ചത്. പന്തടക്കത്തില്‍ ഉറുഗ്വേ ഒരുപടി മുന്നില്‍ നിന്നെങ്കിലും നിരന്തരം ഉറുഗ്വേ ഗോള്‍മുഖത്ത് പന്തെത്തിച്ച ആസ്ട്രിയയുടെ കളിമികവിന് മുന്നില്‍ എഡിസണ്‍ കവാനി അടങ്ങുന്ന ഉറുഗ്വേ നിരക്ക് തോല്‍വി സമ്മതിക്കാതെ തരമില്ലായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ സബിറ്റ്‌സറിലൂടെ ആസ്ട്രിയയാണ് ആദ്യം വലകുലുക്കിയത്. എന്നാല്‍ 10ാം മിനിറ്റില്‍ എഡിസണ്‍ കവാനിയിലൂടെ ഉറുഗ്വേ ഗോള്‍ മടക്കി. ഒന്നാം പകുതിയില്‍ ഇരുകൂട്ടരും 1-1 എന്ന നിലയിലാണ് ഗ്രൗണ്ട് വിട്ടത്. വാശിയേറിയ രണ്ടാം പകുതിയില്‍ ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ 87ാം മിനിറ്റില്‍ ഉറുഗ്വേയെ ഞെട്ടിച്ച് സ്‌കൗബിലൂടെ ആസ്ട്രിയ വിജയ ഗോള്‍ സ്വന്തമാക്കുകയായിരുന്നു.

സ്‌പെയിന്‍ 3 - റഷ്യ 3
മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനെ റഷ്യ സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഗോള്‍വലകുലുക്കുന്നതില്‍ ഒന്നിനൊന്ന് മികച്ച നിന്നതോടെ ആറ് ഗോളുകള്‍ മല്‍സരത്തില്‍ പിറന്നു. ഒമ്പതാം മിനിറ്റില്‍ ആല്‍ബയിലൂടെ സ്‌പെയിനാണ് ആദ്യം വലകുലുക്കിയത്. 35ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ റാമോസും വലകുലുക്കിയതോടെ 2-0ന് സ്‌പെയിന്‍ മുന്നില്‍. എന്നാല്‍ 41ാം മിനിറ്റില്‍ സ്‌മോളോവിലൂടെ റഷ്യ ആദ്യ ഗോള്‍ മടക്കി.
51ാം മിനിറ്റില്‍ മിറാന്‍ചൂക്കിലൂടെ റഷ്യ സമനില ഗോള്‍ കണ്ടെത്തി. രണ്ട് മിനിറ്റിനുള്ളില്‍ വീണ്ടു കിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് റാമോസ് സ്‌പെയിന്റെ ലീഡുയര്‍ത്തി (3-2). സമനിലക്കായി പൊരുതിക്കളിച്ച റഷ്യക്ക് വേണ്ടി 70ാം മിനിറ്റില്‍ സ്‌മോളോവ് രണ്ടാം ഗോളും അക്കൗണ്ടിലാക്കിയതോടെ 3-3 സമനിലയോടെ ഇരുകൂട്ടര്‍ക്കും ബൂട്ടഴിക്കേണ്ടി വന്നു.
Next Story

RELATED STORIES

Share it