thrissur local

ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം വ്യാപകം : രണ്ട് വര്‍ഷമായിട്ടും പരിഹാരമായില്ല



മാള: ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണം കുഴൂരില്‍ അവസാനിക്കുന്നില്ല. ആഫ്രിക്കന്‍ ഒച്ചുകളുടെ കൂട്ടമായുള്ള ആക്രമണത്താല്‍ വിളകള്‍ പൂര്‍ണ്ണമായും നശിക്കുന്ന അവസ്ഥയാണ്. ഒച്ചുകളുടെ കൂട്ടമായുള്ള ആക്രമണം തുടങ്ങി രണ്ട് വര്‍ഷമായിട്ടും പരിഹാരം കാണാത്തതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. ആഫ്രിക്കന്‍ ഒച്ചുകളുടെ കൂട്ടമായ ആക്രമണത്തില്‍ പ്രദേശങ്ങളിലെ കാര്‍ഷിക വിളകളും മറ്റും നാശത്തിന്റെ വക്കിലാണ്. ഏകദേശം രണ്ട് വര്‍ഷത്തോളമായി പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ (ഭീമന്‍ ഒച്ച്) ശല്യം കണ്ടുതുടങ്ങിയിട്ട്. സാധാരണയായി ആഗസ്ത് മാസം മുതലാണ് ഇവയുടെ ശല്യം ആരംഭിക്കുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി രൂക്ഷമായ പ്രതിസന്ധിയാണ് ഒച്ചിന്റെ സാന്നിധ്യത്താല്‍ നേരിട്ടിട്ടുള്ളതെന്ന് കര്‍ഷകനായ പോള്‍സന്‍ കൊടിയന്‍ പറയുന്നു. പപ്പായ, ജാതി, വാഴ,ചേമ്പ് തുടങ്ങിയ മിക്ക വിളകളും ഇവ തിന്ന് നശിപ്പിക്കുന്നുണ്ട്. ഇവ രാത്രികാലങ്ങളിലാണ് പുറത്തിറങ്ങുന്നതും വിളകള്‍ തിന്ന് നശിപ്പിക്കുന്നതും. വീടുകളിലേക്കും ഇവ ഇഴഞ്ഞെത്തുന്നത് മൂലം അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്നതിനും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സാധാരണയായി ഉപ്പ് ഉപയോഗിച്ച് ഇവയെ നശിപ്പിക്കാമെങ്കിലും എണ്ണത്തില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഉന്‍മൂലനം പ്രാവര്‍ത്തികമാകുന്നില്ല. മണ്ണെണ്ണ പ്രയോഗത്തിലൂടെ കുറച്ചെങ്കിലും പരിഹാരം കാണാമെന്ന് പറയുന്നുണ്ടെങ്കിലും ഒച്ചുകളുടെ ആധിക്യവും മണ്ണെണ്ണയുടെ ദൗര്‍ലഭ്യതയും പ്രശ്‌നമാകുകയാണ്.  വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പ്രദേശത്തും ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തി. പൂവ്വത്തുംകടവ് പാലത്തിന് സമീപം പുഴയോരത്തെ ഒഴിഞ്ഞ പ്രദേശങ്ങളിലാണ് ഇത് കണ്ടെത്തിയത്. വള്ളിവട്ടം ശ്രീഭുവനേശ്വരി ക്ലബ്ബ് അംഗങ്ങളാണ് ഒച്ചിനെ കണ്ടെത്തിയത്. ആഫ്രിക്കന്‍ ഒച്ച് വള്ളിവട്ടത്തെത്തിയത് പ്രദേശ വാസികളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്.—പത്ത് ദിവസത്തിനുള്ളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ  മുട്ടകള്‍ വിരിയുമെന്നും ആയിരത്തിലേറെ മുട്ടകളിട്ട് ഇവ ക്രമാതീതമായി പെരുകുമെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.— ഇവയുടെ സ്രവം വീണ പച്ചക്കറികളും മറ്റും ഉപയോഗിച്ചാല്‍ മെനിഞ്ചെറ്റീസിന് ( തലച്ചോറിന്റെയും സുഷുമ്‌ന നാഡിയുടേയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുണ്ടാകുന്ന അണുബാധ ) കാരണമാകുമെന്നും പറയപ്പെടുന്നു.ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ പൂങ്കുന്നത്ത് വ്യാപകമായ ഒച്ചിനെ കണ്ടെത്തിയിരുന്നു. മാലിന്യങ്ങളില്‍ നിന്നാണ് പ്രധാനമായും ഒച്ചുകള്‍ ഉണ്ടാകുന്നതെന്നാണ് കണ്ടെത്തിയത്. വീടുകളിലും പരിസരപ്രദേശങ്ങളിലും നിറഞ്ഞ ഒച്ച് ജനജീവിതത്തെ ബാധിച്ച നിലയിലായിരുന്നു. ഒടുവില്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും ശാസ്ത്രജ്ഞന്‍മാരെത്തിയാണ് പരിഹാരം നിര്‍ദ്ദേശിച്ചത്. ആദ്യം ഉപ്പാണ് നാട്ടുകാര്‍ തെളിച്ചെങ്കിലും ഒച്ചുകള്‍ പൂര്‍ണമായും നശിച്ചില്ല. മാത്രമല്ല, ഉപ്പ് മാത്രം തളിച്ചാല്‍ ചത്ത് ദുര്‍ഗന്ധം വരുമെന്ന് കാര്‍ഷിക ശാല വിദഗ്ധര്‍ പറഞ്ഞു.  പിന്നീട് തരിശും പുകയില കഷായവും ചേര്‍ന്ന് തളിയിക്കുകയായിരുന്നു. ഉഴുന്നുമണികളെപോലെ കാണുന്ന മുട്ടകള്‍ തുരിശ്-പുകയില ലായിനി ഉപയോഗിച്ച് നശിപ്പിക്കാനും നിര്‍ദ്ദേശിച്ചു. തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നൂറുപേരടങ്ങുന്ന സംഘമാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ അതിനിടയില്‍ വെള്ളാങ്കല്ലൂരില്‍ ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആരോഗ്യവിദഗ്ധരും സംഭവ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it