thiruvananthapuram local

ആനന്ദ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും

തിരുവനന്തപുരം: എന്‍ജിനീയറിങ് ഡിപ്ലോമ വിദ്യാര്‍ഥിയായിരുന്ന പാങ്ങപ്പാറ സ്വദേശി ആനന്ദിനെ (21) തട്ടിക്കൊണ്ടുപോയി ബോംബെറിഞ്ഞ് കൊന്നകേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തവും മൂന്നാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും ശിക്ഷ.
ഒന്നാം പ്രതി ആറ്റിപ്ര വില്ലേജില്‍ പൗണ്ട്കടവ് മേടനട ചിത്തിരനഗര്‍ പുതുവല്‍പുത്തന്‍വീട്ടില്‍ താമസിക്കുന്ന സുഭാഷ് (31), രണ്ടാം പ്രതിയും ഇയാളുടെ സഹോദരനുമായ ബ്ലാക്കി ഷിബു എന്ന ഷിബു (37) എന്നിവരെയാണ് ജീവപര്യന്തം തടവിന് ഒന്നാം ഡിവിഷനല്‍ ഡിസ്ട്രിക് സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ചു വര്‍ഷം കഠിനതടവു കൂടി അനുഭവിക്കണം.
കേസിലെ മൂന്നാം പ്രതി അയിരൂപ്പാറ കാട്ടായിക്കോണം മേലേവിള ഗുരുമന്ദിരത്തിനു സമീപം എസ്എസ് ഭവനില്‍ ബിനു എന്ന ശ്രീജു(29)വിനു കൊലപാതക ശ്രമത്തിന് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ഇയാള്‍ ഒടുക്കണം. 2012 ഡിസംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ആനന്ദിനെയും ഇയാളുടെ സുഹൃത്തായ ഡെന്നിസിനെയും രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് ബീമാപള്ളിയില്‍ നിന്നു തട്ടിക്കൊണ്ടുപോയി പൗണ്ട്കടവ് ചിത്തിരത്തിലുള്ള പ്രതികളുടെ വീടിനു മുന്‍വശത്തുള്ള പറങ്കിമാവിന്‍ചുവട്ടില്‍ എത്തിച്ച് ബോംബെറിയുകയായിരുന്നു. ഏറു കൊണ്ട് ആനന്ദിന്റെ തല ചിതറി. ഡെന്നീസ് ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. പ്രതികളുടെ മയക്കുമരുന്ന് വ്യാപാരം, സ്‌ഫോടകവസ്തു നിര്‍മാണം എന്നിവ പോലിസിന് ഒറ്റിക്കൊടുക്കുന്നത് ആനന്ദും സുഹൃത്തുക്കളുമാണെന്ന വിരോധം കാരണമാണ് പ്രതികള്‍ കൃത്യം നടത്തിയത്.
തിരുവനന്തപുരം നഗരത്തിലെ സ്‌കൂള്‍കുട്ടികളുടെയിടയില്‍ പ്രധാനമായും മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത് സുഭാഷും ഷിബുവും ഇവരുടെ മാതാവും ചേര്‍ന്നായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പോലിസ് മഹസര്‍ തയ്യാറാക്കുന്ന അവസരത്തില്‍ പ്രതികളുടെ വീട്ടില്‍ നിന്നു കഞ്ചാവ് കണ്ടെടുക്കുകയും അതിനു പ്രത്യേകം കേസെടുക്കുകയും ചെയ്തു. രണ്ടു വര്‍ഷമായി വിസ്താരം നടന്നുവരുന്ന ഈ കേസില്‍ 30 സാക്ഷികളെ വിസ്തരിക്കുകയും 83 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു തെളിവിനായി ഹാജരാക്കുകയും ചെയ്തു. പ്രതിഭാഗത്തു നിന്നു 12 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. കോണ്‍ടാക്ട് റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എ പ്രമോദ്കുമാര്‍, എസ്‌ഐ മോഹനന്‍, എസ്‌സിപിഒ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it