ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധ്യമല്ലെന്ന്

ന്യൂഡല്‍ഹി: ആധാര്‍ ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്‌വെയര്‍ വാങ്ങിയത് വിദേശ കമ്പനിയില്‍ നിന്നാണെന്ന് ആധാര്‍ അതോറിറ്റി (യുഐഡിഎഐ) സുപ്രിംകോടതിയെ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ വിദേശ കമ്പനിയുടേതാണെങ്കിലും ആധാര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭ്യമാവാന്‍ സാധ്യതയില്ലെന്നും അതോറിറ്റി കോടതിയില്‍ വാദിച്ചു. ആധാറിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന സര്‍വര്‍ ഇന്ത്യയുടേതാണെന്നും യുഐഡിഎഐ കോടതിയില്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍, ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യുഐഡിഎഐ കോടതിയില്‍ പറഞ്ഞു. ഇതുവരെ ഒരു ഏജന്‍സിയും വിവരങ്ങള്‍ക്കായി സമീപിച്ചിട്ടില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.
ഏതെങ്കിലും ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കില്‍ വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ല.
ആധാറിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രിംകോടതിയില്‍ പവര്‍പോയിന്റിന്റെ സഹായത്തോടെ വിശദീകരണം നല്‍കിയാണ് അതോറിറ്റി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ആധാറിനായി ജാതി, മതം എന്നിവ ശേഖരിക്കുന്നില്ലെന്നും സിഇഒ അജയ് ഭൂഷന്‍ പാണ്ഡെ വ്യക്തമാക്കി. 2048 ബിറ്റുള്ള രഹസ്യ കോഡിലൂടെയാണ് ആധാര്‍ സംരക്ഷിച്ചിരിക്കുന്നതെന്ന് പാണ്ഡെ അവകാശപ്പെട്ടു.
ബയോമെട്രിക് വിവരങ്ങള്‍ പുറത്തുപോവാത്ത തരത്തില്‍ രഹസ്യ കോഡാണിതെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ വന്നതോടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും കുറഞ്ഞുവെന്നും പാണ്ഡെ അവകാശപ്പെട്ടു. പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം സൂപ്പര്‍ കംപ്യൂട്ടറുകള്‍ ഉപയോഗിച്ചാല്‍ പോലും ഇവ തകര്‍ത്ത് ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധ്യമല്ലെന്നും പാണ്ഡെ അവകാശപ്പെട്ടു. സിബിഐ ഉള്‍െപ്പടെ ഉള്ള അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ പോലും ബയോമെട്രിക് വിവരങ്ങള്‍ കൈമാറില്ല. അതേസമയം സാങ്കേതിക തകരാറുകള്‍ കാരണം ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും പാണ്ഡെ സമ്മതിച്ചു. സ്വകാര്യതയുടെ പേരു പറഞ്ഞ് രാജ്യത്തെ 30 കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുള്ള മൗലികാവകാശവും ലംഘിക്കാനാവില്ലെന്നായിരുന്നു ഇന്നലെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടെടുത്തിരുന്നത്.
ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഒരുകൂട്ടം ഹരജികളിന്‍മേലാണ് സുപ്രിംകോടതിയില്‍ വാദം നടക്കുന്നത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതിനാണ് ആധാര്‍ നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.
Next Story

RELATED STORIES

Share it