Flash News

ആധാര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി : സുബ്രഹ്മണ്യന്‍ സ്വാമി



ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. നടപടി രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികള്‍ തീര്‍പ്പാക്കുന്നതിനു പ്രത്യേക ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന സുപ്രിംകോടതി ഉത്തരവിനു പിന്നാലെയാണ് സ്വാമി എതിര്‍പ്പുമായെത്തിയത്. ആധാര്‍ സംബന്ധിച്ച വാദങ്ങള്‍ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ വാദം കേള്‍ക്കാതെ ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാര്‍ സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നത്. ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ആരോപിക്കുന്ന നിരവധി പരാതികളാണ് കോടതിയില്‍ നിലനില്‍ക്കുന്നത്. ഇതിനിടെ, സ്വകാര്യത മൗലികാവകാശമാണെന്ന് അടുത്തിടെ സുപ്രിംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചിരുന്നു. മൊബൈല്‍ നമ്പറും ആധാറും ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ സുപ്രിംകോടതിയെ സമീപിച്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. കേന്ദ്ര നിയമത്തെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചോദ്യം ചെയ്യുമെന്നു ചോദിച്ച കോടതി മമതയ്ക്കു വ്യക്തിപരമായി കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പ് തടയുന്നതിന്റെ ഭാഗമാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ രേഖകളില്‍ ഉള്‍പ്പെടുത്താനാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. 2017 ഡിസംബര്‍ 31നുള്ളില്‍ ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Next Story

RELATED STORIES

Share it