kozhikode local

ആദ്യപടി ബോധവല്‍ക്കരണം; സിറ്റി പോലിസ് കമ്മീഷണര്‍

കോഴിക്കോട്: നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ ഉമാ ബെഹ്‌റ മുന്നറിയിപ്പ് നല്‍കി. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ വണ്‍വേ തെറ്റിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരേ വ്യാപകമായ ബോധവല്‍ക്കരണങ്ങള്‍ നടത്തും. ഇതിനു ശേഷവും നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാവും. സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ്സില്‍ കയറ്റാതിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. എന്നിട്ടും ഇത്തരത്തില്‍ പെരുമാറുന്ന ജീനക്കാരെ കുറിച്ച് വിവരം നല്‍കിയാല്‍ നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുന്നതിന് ജില്ലാ പോലിസിന്റെ ഫേസ് ബുക്ക് അക്കൗണ്ട് സജീവമാക്കും. സന്നദ്ധ സംഘടനകളേയും, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകളേയും പൊതുജനങ്ങളേയും സഹകരിപ്പിച്ചുകൊണ്ടുള്ള ട്രാഫിക് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും.
രാവിലെ 9ന് സ്റ്റുഡന്റ്‌സ് പോലിസ് കാഡറ്റുകള്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ മാനാഞ്ചിറയില്‍ പ്രതിജ്ഞയെടുക്കുന്നതോടെ 26 വരെ നീളുന്ന പരിപാടികള്‍ക്ക് തുടക്കമാവും. 9.30 മുതല്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകള്‍, നിയമം ലംഘിക്കുന്നവരെ കണ്ടെത്തി ബോധവല്‍ക്കരണം നടത്തും. ഇതേ സമയം തന്നെ മാനാഞ്ചിറയില്‍ ജീവന്‍ രക്ഷാ പരിശീലനവും നടക്കും. ഉച്ചയ്ക്ക് 2.30ന് സ്വകാര്യ ബസ്, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കായി ട്രാഫിക് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുകളും നടക്കും. 24ന് ഉച്ചയ്ക്ക് 2.30ന് മാനാഞ്ചിറ ബിഇഎം സ്‌കൂളില്‍ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടേയും പൊതുജനങ്ങളുടേയും ചിത്രരചനാ മല്‍സരവും, ക്വിസ് മല്‍സരവും നടക്കും.
25ന് രാവിലെ 9.30ന് വെസ്റ്റ് ഹില്‍ ഗവ. എഞ്ചിനീയറിങ് കോളജില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടക്കും. ഉച്ചയ്ക്ക് 2.30ന് വെസ്റ്റ് ഹില്‍ ഗവ.ടെക്‌നിക്കല്‍ സ്‌കൂളിലും ബോധവല്‍ക്കരണ ക്ലാസ് നടത്തും. 26ന് രാവിലെ 9ന് പോലിസ് കഌബ്ബിനു സമീപത്തെ ഡോര്‍മെറ്ററിയില്‍ വാഹന ഡ്രൈവര്‍മാര്‍ക്കായി കാഴ്ച, കേള്‍വി പരിശോധനയും,പുതിയ ബസ്റ്റാന്‍ഡില്‍ ഫോട്ടോ പ്രദര്‍ശനവും നടക്കും. #
ഉച്ചയ്ക്ക് 2.30ന് രാമനാട്ടുകരയില്‍ നിന്നും കോഴിക്കോട് കടപ്പുറത്തേക്ക് വാഹനറാലി നടത്തും. നിശ്ചല ദൃശ്യങ്ങള്‍ പ്ലക്കാര്‍ഡുകള്‍ എന്നിവയിലൂടെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കും. 5.30ന് നടക്കുന്ന സമാപന പരിപാടിയില്‍ വാഹനാപകടങ്ങളിലെ ഇരകളും ബന്ധുക്കളും അനുഭവങ്ങള്‍ പങ്കുവെക്കും. ഗതാഗത ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ ഉമ ബെഹ്‌റ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it