ആദിവാസി യുവതി വീട്ടില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു

കൊല്ലം: വേണ്ടത്ര പരിചരണം കിട്ടാത്തതിനെ തുടര്‍ന്ന് ആദിവാസി യുവതി മാസം തികയാതെ വീട്ടില്‍ ജന്മം നല്‍കിയ ഇരട്ടക്കുട്ടികള്‍ മരിച്ചു. കുളത്തൂപ്പുഴ കടമാന്‍കോട് കുഴവിയോട് ആദിവാസി കോളനിയില്‍ ചെറുകോണത്ത് വീട്ടില്‍ രാജുവിനെ ഭാര്യ സുമ(33) ഞായറാഴ്ച രാത്രി വീട്ടിനുള്ളില്‍ ജന്മം നല്‍കിയ ഇരട്ടക്കുട്ടികളാണ് മരിച്ചത്.
ആദിവാസികളുടെ പരിചരണത്തിനായി കോളനിക്കുള്ളില്‍ തന്നെ എഎന്‍എം സെന്ററും ജീവനക്കാരും ഉണ്ടെന്നിരിക്കെയാണ് ഗര്‍ഭകാല പരിചരണം കിട്ടാതെ വീട്ടിനുള്ളില്‍ യുവതി പ്രസവിക്കാന്‍ ഇടയായത്. സുമ ആശുപത്രിയില്‍ ചികില്‍സ തേടുകയോ സ്‌കാനിങ് നടത്തി ഇരട്ടക്കുട്ടികളാണെന്ന് സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല. ഞായറാഴ്ച രാത്രി കലശലായ വേദന അനുഭവപ്പെടുകയും സുമ പ്രസവിച്ച ആദ്യ കുട്ടി മരിക്കുകയുമായിരുന്നു. വേദന കടുത്തതോടെയാണ് സംഭവം വീട്ടുകാര്‍ പുറത്ത് അറിയിക്കുന്നത്. ഇതിനിടയില്‍ രണ്ടാമത്തെ കുട്ടിക്കും ജന്മം നല്‍കി. ഉടന്‍തന്നെ പഞ്ചായത്ത് അംഗം ശ്രീലത ഇടപെട്ട് ആംബുലന്‍സ് വരുത്തി പുനലൂര്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. എന്നാല്‍, തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടാമത്തെ കുട്ടിയും മരിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പുറത്ത് അറിയിക്കാതെ വീട്ടുകാര്‍ നവജാത ശുശുക്കളെ വീട്ടിനുള്ളില്‍ കുഴി എടുത്ത് സംസ്‌കരിച്ചു.
എന്നാല്‍, സംഭവം കോളനിയിലെ ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് നളിനിയമ്മയുടെ നേതൃത്വത്തില്‍ ട്രൈബല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദിവാസി ഊരില്‍ സുമയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
Next Story

RELATED STORIES

Share it