Idukki local

ആദിവാസി കോളനികളെ ലഹരി മുക്തമാക്കാന്‍ എക്‌സൈസ് പദ്ധതി



അടിമാലി: ദേവികുളം താലൂക്കിലെ 128 ആദിവാസി കോളനികളെ വ്യാജമദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും പിടിയില്‍നിന്നു രക്ഷിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ പദ്ധതി. അടിമാലിയില്‍ പത്തിന് ആരംഭിക്കുന്ന ജനമൈത്രി എക്‌സൈസ് ഓഫിസ് മുഖേനയാണ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മുഴുവന്‍ കോളനികളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന തരത്തിലാണു പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുക. ഉള്‍വനങ്ങളിലും മറ്റും സ്ഥിതിചെയ്യുന്ന കോളനികളില്‍ വ്യാജമദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോഗം വര്‍ധിച്ചതായി വിവിധ ഘട്ടങ്ങളില്‍ എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡുകളിലൂടെ തെളിഞ്ഞിരുന്നു. വ്യാജമദ്യത്തിനെതിരെ അവബോധം വളര്‍ത്താന്‍ സംസ്ഥാനത്ത് അനുവദിച്ച രണ്ടു ജനമൈത്രി എക്‌സൈസ് ഓഫിസുകളില്‍ ഒരെണ്ണം ഇവിടെ അനുവദിക്കാന്‍ കാരണമായതു കോളനികളിലും മറ്റും വര്‍ധിച്ചുവരുന്ന മദ്യഉപയോഗമാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നിലമ്പൂരിലാണു മറ്റൊരു ഓഫിസ് അനുവദിച്ചിട്ടുള്ളത്. അടിമാലിയിലെ ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാണ് എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it