malappuram local

ആദിവാസികള്‍ക്ക് ഭീഷണിയായി കരിങ്കല്‍ ഖനനം

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓടക്കയം ഈന്തുംപാലി ആദിവാസി കോളനിക്കു സമീപം പ്രവര്‍ത്തിക്കുന്ന ക്വാറിയും ക്രഷറും പരിസരങ്ങളിലെ വീടുകള്‍ക്ക് അപകട ഭീഷണി. ക്വാറി പ്രവര്‍ത്തിക്കുന്ന പ്രദേശത്തിന്റെ മുകള്‍ വശത്ത് പതിനഞ്ചോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ഒന്നരമാസം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരിച്ച കോളനിക്കു സമീപമാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഈന്തുംപാലി കോളനിയിലെ വീടുകള്‍ക്കു മുകളിലുള്ള ചെങ്കുത്തായ മല ഉരുള്‍പൊട്ടിയെങ്കിലും ആദിവാസി കുടുംബങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. കോളനിക്ക് സമീപം 100 മീറ്റര്‍ അകലെ വനഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ഈ ഭാഗങ്ങളിലുള്ള വനംവകുപ്പ് സ്ഥാപിച്ച ജണ്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂവുടമകള്‍ നീക്കംചെയ്താണ് ക്വാറി സ്വന്തമാക്കിയത്.
അതേസമയം ഓടക്കയം ഭാഗങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ വീടുകളില്‍നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കേ പ്രദേശങ്ങളില്‍ നിരന്തരമായ ഖനന പ്രവര്‍ത്തനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ക്വാറിക്കു സമീപം ഉരുള്‍പൊട്ടല്‍ നടന്നിട്ടും ജിയോളജി ഉദ്യോഗസ്ഥര്‍ പഠനം നടത്താന്‍ തയ്യാറാവാതെ ക്വാറിമാഫിയകളെ കണ്ടുമടങ്ങുകയായിരുന്നുവെന്ന് പരിസരവാസികള്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വാറി മാഫിയകളുടെ സ്വാധീനത്തിലാണെന്ന ആരോപണമുണ്ട്. റെഡ് അലര്‍ട്ട് ഉണ്ടായിട്ടും ഈ ഭാഗത്ത് പഠനം നടത്താതെ മടങ്ങിയതില്‍ ജനകീയ പ്രതിഷേധമുണ്ട്. പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ഇവിടെ വനഭൂമി വ്യാപകമായി കൈയേറ്റം നടന്നിട്ടും നടപടി സ്വീകരിച്ചിട്ടില്ല. റീസര്‍വേ നടത്തുവാന്‍ പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണ്.
ക്വാറിക്ക് ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കാന്‍ പരിസരവാസികള്‍ തയ്യാറെടുക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മുഹമ്മദ് കുറുവാലി, ഷിജോ സ്‌ക്കറിയ, ഷിന്‍ഡോ പ്ലാമൂട്ടില്‍, അനൂബ് വര്‍ഗീസ് കോയിക്കല്‍, സൈതലവി കുറുവാലി പങ്കെടുത്തു.

Next Story

RELATED STORIES

Share it