kozhikode local

ആദരം അഭിമാനകരം: മല്‍സ്യത്തൊഴിലാളികള്‍

കോഴിക്കോട്്: ഹൈസ്‌കൂളിലൊക്കെ പഠിച്ചിട്ടുണ്ട് കൂടെ പഠിച്ചവരൊക്കെ ഡോക്ടറും വക്കിലുമൊക്കെ ആയപ്പോ നമ്മള്‍ ഈ കുടുംബജോലി അങ്ങ് എടുത്തു. ‘നെറ്റ് വര്‍ക്കിംഗ് അതായത് വലയിട്ട് മീന്‍ പിടുത്തം. അന്ന് നിങ്ങളോടൊക്കെ സഹതാപം തോന്നുന്നു എന്ന് പറഞ്ഞ ഇംഗ്ലീഷ് ടീച്ചര്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ തന്ന സ്വീകരണ ചടങ്ങില്‍ നിങ്ങളെക്കുറിച്ച് ഇപ്പോ അഭിമാനം മാത്രം എന്ന് പറഞ്ഞപ്പോഴാ നമ്മള്‍ ഇതിന് മാത്രം എന്തൊക്കെയോ ചെയ്തിട്ടുണ്ടെന്ന് മനസിലായത്. ചാലിയം ബീച്ച് സ്വദേശി തെസ്‌രിഫ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സില്‍ നീലയ്ക്കാത്ത കയ്യടി. നളന്ദ ഓഡിറ്റോറിയത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് കോഴിക്കോട് പൗരാവലി നല്‍കിയ സ്‌നേഹാദരം ചടങ്ങായിരുന്നു വേദി. ജില്ലയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സേവനത്തിനായി പോയ മല്‍സ്യത്തൊഴിലാളികളുടെ പ്രതിനിധിയായാണ് തെസ്‌രിഫ് സംസാരിച്ചത്. തൃശ്ശൂര്‍ മാളയില്‍ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണമെന്ന് പറഞ്ഞ് നിരന്തരം വിളി വന്നപ്പോഴും വാര്‍ത്തയില്‍ കണ്ട ഭീകരാവസ്ഥ അറിയുന്നതിനാല്‍ വീട്ടുകാര്‍ ഉള്‍പ്പെടെ പോവേണ്ടെന്നാണ് പറഞ്ഞത്. പിന്നീട് പറ്റുമെങ്കില്‍ ഇറങ്ങാം ഒന്ന് നോക്കിവരാം എന്ന് പറഞ്ഞ് മൂന്ന് ബോട്ടുകളിലായി ഇവര്‍ തൃശ്ശൂരിലേക്ക് തിരിക്കുകയായിരുന്നു. രണ്ട് മൂന്ന് ദിവസം വീട്ടുകാരുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. അവിടെ എത്തിയപ്പോള്‍ അവസ്ഥ നേരില്‍കണ്ടപ്പോള്‍ കൂടുതല്‍ ആളുകളെ എങ്ങിനെ രക്ഷിക്കാം എന്നതായിരുന്നു ശ്രദ്ധ. എന്നാല്‍ കേരളം മല്‍സ്യത്തൊഴിലാളികളെ നെഞ്ചിലേറ്റുമെന്നോ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് മല്‍സ്യത്തൊഴിലാളികളെ വിശേഷിപ്പിക്കുമെന്നോ കരുതിയില്ലെന്നും തെസ്‌രിഫ് പറഞ്ഞപ്പോള്‍ വീണ്ടും നിലയ്ക്കാത്ത കരഘോഷം. കലക്ടറോടും ജില്ലാ ഭരണകൂടത്തോടും ആദരിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും വേണ്ടി തെസ്‌രിഫ് സദസിനെ അറിയിച്ചു.

Next Story

RELATED STORIES

Share it