Districts

ആത്മാഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവച്ചേനെയെന്ന് കോടിയേരി

തിരുവനന്തപുരം: ആത്മാഭിമാനമുള്ള മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെങ്കില്‍ ആരോപണമുണ്ടായ ഉടന്‍ രാജിവയ്ക്കുമായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. രാജിവച്ച് പുറത്തുപോയാല്‍ ഉമ്മന്‍ചാണ്ടി പിറ്റേദിവസം പൂജപ്പുര ജയിലില്‍ പോവേണ്ടിവരും. മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന പുതിയ ആരോപണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസിയും അന്വേഷിക്കാന്‍ തയ്യാറാവുമോ. എല്‍ഡിഎഫ് നടത്തിയ സമരങ്ങളുടെ ഫലമായാണ് സോളാര്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ആ കമ്മീഷനു മുന്നില്‍ എല്‍ഡിഎഫ് ഉന്നയിച്ച കാര്യങ്ങള്‍ ഓരോന്നായി തെളിഞ്ഞുവരുകയാണിപ്പോള്‍. എല്‍ഡിഎഫിന്റെ സമരം പൊളിഞ്ഞെന്നു പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണിത്. അതേസമയം, മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കുമെതിരായ ആരോപണങ്ങള്‍ കേട്ട് കേരളം ലജ്ജിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ ശരിയാവരുതേ എന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം. കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കണമെന്നാണ് കവി പാടിയിട്ടുള്ളതെങ്കിലും ഇപ്പോള്‍ ഞരമ്പുകളില്‍ ചോര മരവിക്കുകയാണ്. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പരസ്യമായി പറയുന്നതു തന്നെ നാണക്കേടാണ്. സര്‍ക്കാരിനെതിരേ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇതുവരെ ഉയര്‍ന്ന ആരോപണങ്ങള്‍. മുഖ്യമന്ത്രിയും കൂട്ടരും ചേര്‍ന്ന് നാടിന്റെ പേര് കളഞ്ഞുകുളിച്ചു. മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും കൈയിലിരിപ്പിനെപ്പറ്റി പറഞ്ഞാല്‍ പിന്നെ കുളിച്ചു ശുദ്ധിവരുത്തണമെന്നും വി എസ് പറഞ്ഞു.
Next Story

RELATED STORIES

Share it