malappuram local

ആത്മവിശ്വാസത്തിന്റെ പ്രതീകമായി ബാബു

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി:മലപ്പുറത്തെ സജീവമായ സെവന്‍സ് ഫുട്‌ബോളിന്റെ  ലഹരിയാണ് അരയ്ക്ക് താഴെ തളര്‍ന്ന ബാബുവെന്ന അബ്ദുല്‍ ജബ്ബാറിനു ജീവിതത്തെ വീണ്ടെടുക്കാന്‍ പ്രേരിപ്പിച്ചത്. ആത്മ വിശ്വാസത്തിന്റെ കരുത്തുള്ള ജബ്ബാര്‍ നല്‍കുന്ന ജീവിതസന്ദേശം വിധിയെ പഴിക്കുന്നവര്‍ക്കുള്ള മറുപടികൂടിയാണ്. ബാബു ഇന്ന് മികച്ച ഫുട്‌ബോള്‍ ടീം മാനേജരാണ്. കഴിഞ്ഞ ഒന്നര ദശാബ്ദങ്ങളായി മൂന്ന് പ്രമുഖ ക്ലബുകള്‍ക്ക് കളിക്കാരെ നല്‍കിക്കൊണ്ടിരിക്കുന്നതു ബാബുവാണ്. കേരളത്തിലെ ടീമുകള്‍ക്കു പുറമെ പശ്ചിമബംഗാളിലെ മോഹന്‍ ബഗാന്‍, മുഹമ്മദന്‍സ് എന്നീ ക്ലബുകള്‍ക്കും ബാബു മികച്ച താരങ്ങളെ നല്‍കിയിട്ടുണ്ട്. നൈജീരിയയില്‍ നിന്നും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആവുന്നത്ര നല്ല കളിക്കാരെ എത്തിക്കുന്നതും ബാബുതന്നെ.
വിവിധ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി നൂറിലേറെ താരങ്ങളെ ബാബു ഒരോ സീസണുകളില്‍ എത്തിച്ചിട്ടുണ്ട്.സീസണ്‍ ആയാല്‍ ബാബുവിനെ ചുറ്റിപ്പറ്റി നിറയെ വിദേശ താരങ്ങളുണ്ടാകുക പതിവാണ്. ഇപ്പോള്‍, തന്നെ  സെവന്‍സ് കളിക്കാനായി കുറച്ചുപേര്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലുണ്ട്. കോഴിക്കോട്ടെ പ്രമുഖ ക്ലബായിരുന്ന ബ്ലാക്ക് ആന്റ് വൈറ്റിന്റെ പുതിയ ടീം റോയല്‍സിന്റെ മാനേജര്‍ ആണ് 35കാരനായ ബാബു. ഒരിക്കല്‍  മരത്തില്‍ നിന്നുള്ളൊരു വീഴ്ച്ച ബാബുവിന്റെ വിധി മാറ്റിയെഴുതുകയായിരുന്നു. അരയ്ക്കു താഴെ തളര്‍ന്നിട്ടും താന്‍ വികലാംഗനല്ലെന്നു പറഞ്ഞു ബാബു കൂട്ടുകാരുടെ തോളില്‍ കൈവെച്ച് സെവന്‍സ് കാണാന്‍ പോയതിന്റെ ഫലമാണ് ബാബുവിന്റെ ഇന്നത്തെ ഉയര്‍ച്ച. ഇന്നു ബാബു അറിയപ്പെടുന്ന ഒരു ടീം മാനേജരാണ്. കുട്ടിക്കാലത്തേ ബാബു വെറുതെ ഇരിക്കാറില്ല.
കൈയ്യില്‍ കിട്ടുന്ന എന്തും ബോളാണ്, അല്ലെങ്കില്‍ ബാറ്റാണ്. സാങ്കല്‍പ്പികമായി കളിച്ചുകൊണ്ടിരിക്കും. സ്‌കൂളില്‍ പോകുമ്പോള്‍ വഴിയില്‍ നിന്നും ക്ലാസ് മുറിയില്‍ നിന്നും എല്ലാം അങ്ങനെതന്നെ. സാങ്കല്‍പ്പികമായി സിക്‌സും ഫോറും അടിച്ചുകൊണ്ടിരിക്കും. അതാണ് ശീലം. ബാബുവിന്റെ നാട് മലപ്പുറത്തിനും പെരിന്തല്‍മണ്ണയ്ക്കും ഇടയില്‍ തിരൂര്‍ക്കാടാണ്.2000 മാര്‍ച്ച് 31, കേരള ക്രിക്കറ്റ് അണ്ടര്‍ 22 കളിക്കാന്‍ സെലക്ഷന്‍ നേടണമെന്ന വാശിയിലായിരുന്നു ബാബു. ഇടയ്ക്ക് പരിശീലിക്കാറുണ്ട്. കൂടാതെ ഷാഡോ പരിശീലനവും ഉണ്ടായിരുന്നു.
സെവന്‍സ് കണ്ട് ലഹരി കയറിപ്പോള്‍ ഇന്‍ ദി നെയിം ഓഫ് വിക്ടറി എന്ന പേരില്‍ ഒരു ക്ലബ് ഉണ്ടാക്കി. അതില്‍ ഒരു വലിയ ടീമിനെ തന്നെ കിട്ടി. അങ്ങനെ തുടങ്ങി പിന്നീട് പ്രമുഖ ടീമുകളുടെ മാനേജര്‍ ആവുകയായിരുന്നു. അരയ്ക്ക് താഴെ തളര്‍ന്നിട്ടും കാല്‍പ്പന്തുകളിയുടെ ലഹരിയില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്ന ബാബു ഇന്നു നാട്ടുകാരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്.
Next Story

RELATED STORIES

Share it