thrissur local

ആതിരപ്പിള്ളി പഞ്ചായത്തിലെ കുടിവെള്ള പദ്ധതികള്‍ക്കരികെ ഫില്‍റ്റര്‍ സ്ഥാപിച്ചു തുടങ്ങി

ചാലക്കുടി: ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന അതിരപ്പിള്ളി മേഖലയില്‍ പുഴവെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്തവിധം മലിനമാകുന്നുണ്ടെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഫില്‍റ്ററുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചു. അതിരപ്പിള്ളി പഞ്ചായത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കരികില്‍ വാട്ടര്‍ ഫില്‍റ്ററുകള്‍ സ്ഥാപിച്ചു തുടങ്ങി. ആദ്യഘട്ടത്തില്‍ ചിക്ലായി ജലനിധി പദ്ധതിക്കരികിലാണ് ഫില്‍റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്.
പുഴയിലെ വെള്ളം മലിനമായതിനെ തുടര്‍ന്നാണ് കുടിവെള്ള പദ്ധതികള്‍ക്ക് സമീപം ഫില്‍റ്ററുകള്‍ സ്ഥാപിക്കുന്നത്. ചിക്ലായിലെ സംവിധാനം വിജയിക്കുന്ന മുറയ്ക്ക് ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ആറ് ലക്ഷം രൂപ ചിലവിലാണ് ഫില്‍റ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരാഴ്ചക്കുള്ളില്‍ ഇത് പ്രവര്‍ത്തന സജ്ജമാകും. അതിരപ്പിള്ളി പഞ്ചായത്ത് 2017-18ലെ പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് തുക വകയിരിത്തിയിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയാണ് ഫില്‍റ്റര്‍ സ്ഥാപിക്കുന്നത്.
പഞ്ചായത്തില്‍ ജലനിധിയുടെ നാല് കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. പുഴക്കരികില്‍ കിണറുകള്‍ നിര്‍മിച്ച് അതില്‍ നിന്നും ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്താണ് ജലനിധിയുടെ പ്രവര്‍ത്തനം. ഈ ടാങ്കിന് സമീപമാണ് ഫില്‍റ്ററുകള്‍ സ്ഥാപിക്കുക. വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളം ഫില്‍റ്ററിലെത്തി ശുചീകരിച്ചാണ് പൈപ്പുകള്‍ വഴി വീടുകളിലേക്ക് വിടുന്നത്.
Next Story

RELATED STORIES

Share it