Flash News

ആണ്‍കുട്ടികളുടെ ഖോഖോ ഹോസ്റ്റല്‍ തിരുവനന്തപുരത്തേക്കു മാറ്റാന്‍ നീക്കം

ടി പി ജലാല്‍

മലപ്പുറം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആണ്‍കുട്ടികളുടെ ഏക ഖോഖോ ഹോസ്റ്റല്‍ തിരുവനന്തപുരത്തേക്കു മാറ്റാന്‍ നീക്കം. താനൂര്‍ മണ്ഡലത്തിലെ നിറമരുതൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് ഹോസ്റ്റലാണ് മാറ്റാന്‍ നീക്കം നടക്കുന്നത്. ഇതിന്റെ നടപടിയെന്നോണം ഇത്തവണ ഹോസ്റ്റലില്‍ അഡ്മിഷന്‍ അലോട്ട്‌മെന്റ് നല്‍കിയിട്ടില്ല. പകരം ഇവിടെയുള്ള ഏഴോളം കുട്ടികളെ തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് സമീപത്തേക്കു മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരമാണ് അലോട്ട്‌മെന്റ് കൊടുത്തിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തുനിന്നുള്ളവരാണിവര്‍. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയതോടെ തീരുമാനമെടുക്കാനാവാതെ കുട്ടികള്‍ ആശങ്കയിലായിരിക്കുകയാണ്.
ഇപ്പോള്‍ 35 പേരാണ് ഈ ഹോസ്റ്റലിലുള്ളത്. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ അഡ്മിഷന്‍ പുനരാരംഭിച്ചില്ലെങ്കില്‍ ഹോസ്റ്റല്‍ പൂര്‍ണമായും അടച്ചുപൂട്ടേണ്ടിവരും. നിറമരുതൂര്‍ സ്‌കൂളിലും താനൂര്‍ ഗവ. കോളജിലും തുഞ്ചന്‍ കോളജിലുമാണ് ഹോസ്റ്റലിലെ കുട്ടികള്‍ പഠനം നടത്തുന്നത്. 2010ല്‍ മുന്‍ നിറമരുതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമഫലമായാണ് ഹോസ്റ്റല്‍ ആരംഭിച്ചത്. അന്നുമുതല്‍ ഇന്നുവരെ പരിശീലനത്തിനോ ഭക്ഷണത്തിനോ താമസത്തിനോ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്.
രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഒരു കോച്ചിനായിരുന്നു ഹോസ്റ്റലിന്റെ ചുമതല. ഇയാള്‍ സംസ്ഥാന ഓഫിസില്‍ സമ്മര്‍ദം ചെലുത്തിയാണ് ഹോസ്റ്റല്‍ മാറ്റാന്‍ നോക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഹോസ്റ്റലില്‍ നിന്നു രണ്ട് അന്താരാഷ്ട്ര താരങ്ങളടക്കം 80 ശതമാനം പേരും ദേശീയതലത്തില്‍ മികവു പ്രകടിപ്പിച്ചവരാണ്. റൂറല്‍ കോച്ചിങ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഖോഖോക്ക് ആകെയുള്ളത് രണ്ട് ഹോസ്റ്റലുകളാണ്. പെണ്‍കുട്ടികളുടേത് ആറ്റിങ്ങലും ആണ്‍കുട്ടികളുടേത് നിറമരുതൂരുമാണ്.


Next Story

RELATED STORIES

Share it