ആഡംബര കാറില്‍ സ്വര്‍ണം കടത്തിയത് കാസര്‍കോട് സ്വദേശിയെന്ന് കസ്റ്റംസ്

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി ഇറക്കുമതിചെയ്ത വിദേശനിര്‍മിത ആഡംബര കാറിന്റെ ഇന്ധന ടാങ്കില്‍ ഒളിപ്പിച്ച് ഏഴു കിലോഗ്രാം സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് കാസര്‍കോട് സ്വദേശിയെന്ന് കസ്റ്റംസ്. കാര്‍ ഏറ്റുവാങ്ങാനെത്തിയ മംഗലാപുരം സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ദുബയില്‍ വ്യവസായിയായ കാസര്‍കോട് സ്വദേശിയുടെ ജീവനക്കാരനാണ് മുഹമ്മദ് എന്ന് കസ്റ്റംസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഹമ്മദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നികുതിയൊടുക്കാതെ ഇന്ത്യയില്‍ ആറുമാസത്തേക്ക് ഇറക്കുമതിചെയ്ത വാഹനം ഉപയോഗിക്കാനുള്ള കാര്‍നെറ്റ് ഡി പാസേജ് സംവിധാനം ഉപയോഗിച്ചാണ് കാര്‍ ഇറക്കുമതി ചെയ്തത്. കേരളത്തില്‍ ആദ്യമായാണ് തുറമുഖം വഴി ഇത്തരത്തില്‍ കടത്തുന്ന സ്വര്‍ണം പിടികൂടുന്നത്. വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കിയതോടെ കള്ളക്കടത്തു സംഘങ്ങള്‍ പുതുവഴി തേടുന്നുവെന്നതിന്റെ സൂചനയാണിതെന്നും കസ്റ്റംസ് കമ്മീഷണര്‍—പറഞ്ഞു.
കാര്‍ ഏറ്റുവാങ്ങാന്‍ എത്തിയതാണെന്നും സ്വര്‍ണക്കടത്തിനെപ്പറ്റി അറിവില്ലെന്നും മുഹമ്മദ് മൊഴിനല്‍കിയിട്ടുണ്ട്. കാര്‍ തന്റെ പേരില്‍ അയച്ച കാസര്‍ക്കോട്ടുകാരനായ മറ്റൊരാളുടെ വിവരങ്ങളും മുഹമ്മദ് നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കുമായി കസ്റ്റംസ് തിരച്ചില്‍ തുടങ്ങി. 25 ലക്ഷം രൂപ വിലവരുന്ന 2013 മോഡല്‍ ദുബയ് രജിസ്‌ട്രേഷനിലുള്ള മിനി കൂപ്പര്‍ കാറിന്റെ ഇന്ധന ടാങ്കില്‍ ഒളിപ്പിച്ചു കടത്തിയ ഏഴു കിലോ സ്വര്‍ണം കൊച്ചി കസ്റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എസ്‌ഐഐബി) വെള്ളിയാഴ്ച രാത്രിയിലാണു പിടികൂടിയത്. രണ്ടുദിവസംമുമ്പ് തുറമുഖത്തെത്തിയ കാര്‍ കസ്റ്റംസ് ക്ലിയറന്‍സിനായി എത്തിച്ചപ്പോള്‍ രഹസ്യവിവരത്തെത്തുടര്‍ന്നു പരിശോധിച്ച കസ്റ്റംസ് സംഘം ഇന്ധന ടാങ്കില്‍ നിന്നു സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 24 കാരറ്റ് പരിശുദ്ധിയുള്ള അരക്കിലോഗ്രാം തൂക്കമുള്ള 14 ചെയിനുകളായാണ് ടാങ്കില്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ ആറുമാസത്തേക്കു നികുതിയൊടുക്കാതെ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കാര്‍നെറ്റ് ഡി പാസേജ് പ്രകാരമാണ് മിനി കൂപ്പര്‍ കാര്‍ കൊണ്ടുവന്നത്. ഇന്റര്‍നാഷനല്‍ ഓട്ടോമൊബൈല്‍ ഏജന്‍സിയുടെ ശുപാര്‍ശപ്രകാരമാണ് കസ്റ്റംസ് ഇത് അനുവദിക്കുന്നത്.
ഇത്തരത്തില്‍ പ്രതിവര്‍ഷം മുപ്പതോളം കാറുകള്‍ കൊച്ചി തുറമുഖം വഴി എത്തുന്നുണ്ട്. ആറുമാസം പൂര്‍ത്തിയാവുംമുമ്പ് കാര്‍ തിരികെ കയറ്റി അയക്കണമെന്നാണു വ്യവസ്ഥ. കാലാവധി കഴിഞ്ഞ് തിരികെ കൊണ്ടുപോവാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മതിയായ കാരണം കാണിച്ചാല്‍ മാത്രം വിട്ടുകൊടുക്കുകയും ചെയ്യും. നിലവില്‍ കേരളത്തില്‍ കാര്‍നെറ്റ് ഡി പാസേജ് വഴി ഇറക്കുമതി ചെയ്ത 15 കാറുകള്‍ ഓടുന്നുണ്ടെന്നും പരിശോധന കര്‍ശനമാക്കുമെന്നും ഡോ. കെ എന്‍ രാഘവന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it