Flash News

ആഞ്ഞടിച്ച് മേകുനു:ഒമാനിലും യമനിലും യമനിലും 10 മരണം

മസ്‌ക്കത്ത്: ഒമാനെയും യമനെയും വിറപ്പിച്ച് മേകുനു ചുഴലിക്കാറ്റ്. രണ്ടു രാജ്യങ്ങളിലുമായി ഇതിനകം 10 പേര്‍ മരിച്ചു. ശക്തമായി വീശിയ കാറ്റിലും മഴയിലും യമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നുപേരുമാണ് മരിച്ചത്. യമനില്‍ മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ത്യക്കാരും സുദാനികളുമടക്കം 19 പേരെ യമനില്‍ കാണാതായിട്ടുണ്ട്. ഒമാനില്‍ ശക്തമായ കാറ്റില്‍ മതില്‍ തകര്‍ന്നുവീണ് 12 വയസ്സുകാരി മരിച്ചു. കാര്‍ യാത്രക്കാരനാണ് മരിച്ച മറ്റൊരാള്‍. കാര്‍ വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. രണ്ടുപേരും സ്വദേശികളാണ്. മരിച്ച മൂന്നാമത്തെ ആളെക്കുറിച്ച് വ്യക്തതയില്ല.
ദോഫര്‍, അല്‍ വുസ്ത പ്രവിശ്യകളില്‍ വലിയൊരുഭാഗം വെള്ളത്തിനടിയിലായി. ഇവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് താമസിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും രൂക്ഷമാണ്. ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സലാലയില്‍ കനത്തെ മഴയെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളാണുണ്ടായത്.
കനത്ത മഴയും കാറ്റും മൂലം സലാല വിമാനത്താവളം അടച്ചിരിക്കുകയാണ്. മലവെള്ളപ്പാച്ചിലില്‍ ഒട്ടേറെ റോഡുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. വൈദ്യുതിബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
അതേസമയം, യമനില്‍ അഞ്ചു സ്വദേശി പൗരന്മാരുടെയും രണ്ട് ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഫിഷറീസ് മന്ത്രി ഫഹദ് കാഫിന്‍ അറിയിച്ചു. 12 ഇന്ത്യക്കാരെയാണ് ഇവിടെ കാണാതായത്. കാറ്റിനെ തുടര്‍ന്ന് 14 ഇന്ത്യന്‍ നാവികര്‍ യമനില്‍ കുടുങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മേകുനു ചുഴലിക്കൊടുങ്കാറ്റ് ഒമാന്‍ തീരം തൊട്ടത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. ഒട്ടേറെ കെട്ടിടങ്ങള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. പുലര്‍ച്ചെയോടെ കാറ്റിന്റെയും മഴയുടെയും ശക്തി കുറഞ്ഞിരുന്നു. അടുത്ത 36 മണിക്കൂറില്‍ ദോഫാര്‍ പ്രവിശ്യയില്‍ 200 മുതല്‍ 600 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മണ്ണിടിച്ചില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ആളുകള്‍ വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും പോലിസ് നിര്‍ദേശിച്ചു. മിര്‍ബാത്തിലെ വ്യവസായമേഖലയിലെ താമസസ്ഥലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാസേന രക്ഷാകേന്ദ്രത്തില്‍ എത്തിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് ദ്വീപ്, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകള്‍ സലാലയിലേക്ക് തിരിച്ചിട്ടുണ്ട്. മരുന്നും വെള്ളവും ഭക്ഷണവും അടക്കമുള്ള അവശ്യസാധനങ്ങളുമായാണ് കപ്പലുകള്‍ തിരിച്ചിട്ടുള്ളത്. അതേസമയം, സലാല വിമാനത്താവളം ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
Next Story

RELATED STORIES

Share it