wayanad local

ആക്ഷന്‍ കമ്മിറ്റി കോടതിയിലേക്ക്‌

സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര അനുമതി ലഭിച്ച നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ നീലഗിരി-വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. മാന്യതയുള്ള ഒരു ജനാധിപത്യ സര്‍ക്കാരിന് നിരക്കുന്നതല്ല. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തില്‍ കേരള സര്‍ക്കാരിന്റെ നടപടികള്‍. കൊച്ചി-ബംഗളൂരു റെയില്‍പാതയുടെ പൂര്‍ത്തീകരിക്കാനുള്ള 156 കിലോമീറ്റര്‍ ദൂരമായ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കുകയും സംയുക്ത സംരംഭ പട്ടികയില്‍പെടുത്തി കേന്ദ്രസര്‍ക്കാര്‍ 6000 കോടി രൂപ വകയിരുത്തുകയും ഡിഎംആര്‍സി മുഖേന അന്തിമ സ്ഥലനിര്‍ണയ സര്‍വേയും വിശദമായ പദ്ധതിരേഖയും തയ്യാറാക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിക്കുകയും ചെയ്തതാണ്. ഇതിനുവേണ്ടി കേരള സര്‍ക്കാര്‍ എട്ടു കോടി രൂപ അനുവദിച്ചതു പ്രകാരം ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി സര്‍വേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.  എട്ടുകോടി രൂപയില്‍ ആദ്യഗഡുവായി രണ്ടു കോടി രൂപ ഡിഎംആര്‍സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചുവെന്ന് കേരള സര്‍ക്കാര്‍ പറഞ്ഞുവെങ്കിലും പണം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിഎംആര്‍സിയെ കബളിപ്പിക്കുകയായിരുന്നു. ഈ പണം എന്താണ് നല്‍കാത്തതെന്ന കാരണം കാണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അനാവശ്യമായി കര്‍ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേരള സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണ്. കര്‍ണാടക സര്‍ക്കാര്‍ നഞ്ചന്‍കോട്-നിലമ്പൂര്‍ പാതയ്ക്ക് തടസ്സം നില്‍ക്കുകയാണെന്നു നിയമസഭയെപ്പോലും കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. വനത്തില്‍ ടണലിലൂടെ കടന്നുപോവുന്ന പാതയോട് എതിര്‍പ്പുണ്ടെന്ന് ഇതുവരെ കര്‍ണാടക സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും എംഎല്‍എമാരായ ഒ രാജഗോപാലിനും ഐ സി ബാലകൃഷ്ണനും സി കെ ശശീന്ദ്രനും നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയ്ക്കു വേണ്ടി കേരളസര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു. കേരളം സന്ദര്‍ശിച്ച റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയെക്കുറിച്ച് സൂചിപ്പിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയെ തഴഞ്ഞ് പകരം മറ്റൊരു പദ്ധതി പിന്‍വാതിലിലൂടെ തിരുകിക്കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പാതയ്ക്കു വേണ്ടി ക്രമവിരുദ്ധമായി ഫണ്ട് അനുവദിക്കുകയും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദേ്യാഗസ്ഥരെ പലതവണ ബംഗളൂരുവില്‍ അയച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചകളിലൊന്നും നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയ്ക്ക് കര്‍ണാടകയുടെ അനുമതി സംബന്ധിച്ച് പരാമര്‍ശം നടത്താന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ആക്ഷന്‍ കമ്മിറ്റിയുടെ അപേക്ഷ പ്രകാരം നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും അതും സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ ആക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതമായത്. കണ്‍വീനര്‍ അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, വി മോഹനന്‍, എം എ അസൈനാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it