ആക്രമണങ്ങള്‍ കൊണ്ട് തളര്‍ത്താന്‍ കഴിയില്ല: സുരേഷ് കീഴാറ്റൂര്‍

കണ്ണൂര്‍: ഭീഷണി കൊണ്ടോ, ആക്രമണങ്ങള്‍ കൊണ്ടോ തന്നെയും സമരസമിതി പ്രവര്‍ത്തകരെയും ഭയപ്പെടുത്താനോ, തളര്‍ത്താനോ കഴിയില്ലെന്നു വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരം ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാണ്. സംഭവത്തിനു പിന്നില്‍ ആരാണെന്നോ, ആക്രമണത്തിനു പിന്നിലെ ഉദ്ദേശ്യം എന്താണെന്നോ തനിക്കറിയില്ല. കൃത്യമായ തെളിവുകളില്ലാതെ ആര്‍ക്കെതിരേയും ആരോപണം ഉന്നയിക്കുന്നില്ല. എന്നാല്‍ സത്യം ജനങ്ങള്‍ക്കറിയാം. എല്ലാം പോലിസ് അന്വേഷണത്തിലൂടെ വ്യക്തമാവട്ടെ.
തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണു സിപിഎം ശ്രമം. വീടാക്രമിച്ചതു സമരാനുകൂലികളാണെന്ന അഭിപ്രായം ഗോവിന്ദന്‍ മാസ്റ്ററുടേതു മാത്രമാണ്. പോലിസ് അന്വേഷണം തുടങ്ങുന്നതിനു മുമ്പുതന്നെ അക്രമം നടത്തിയത് ആര്‍എസ്എസ് ആണെന്ന കോടിയേരിയുടെ പ്രഖ്യാപനം രാഷ്ട്രീയമായ കെണിയാണ്. അത്തരം കെണികളില്‍ വീഴാന്‍ വയല്‍ക്കിളികളെ കിട്ടില്ല.
കേരളത്തിലെ ഏറ്റവും വലിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി സമരം നടത്തിയ പാര്‍ട്ടിയാണു സിപിഎം. ആ മാതൃകയാണു തങ്ങളും പിന്തുടരുന്നത്. ആറന്‍മുള സമരത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണു ഞങ്ങള്‍ രംഗത്തെത്തിയത്. ആര്‍എസ്എസിന്റെയും എസ്ഡിപിഐയുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, കണ്‍വീനര്‍ നോബിള്‍ എം പൈകട, സൈനുദ്ദീന്‍ കരിവെള്ളൂര്‍, എന്‍ സുബ്രഹ്മണ്യന്‍, സണ്ണി അമ്പാട്ട് പങ്കെടുത്തു.
Next Story

RELATED STORIES

Share it