Most commented

ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്തണം: കോടതി

തലശ്ശേരി: ആക്രമണങ്ങള്‍ക്കു നേതൃത്വംനല്‍കുന്നവര്‍ക്കു രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംരക്ഷണം നല്‍കുന്നത് നിര്‍ഭാഗ്യകരമാണെന്നും അത്തരക്കാരെ ജനം സംഘടിതമായി ഒറ്റപ്പെടുത്തണമെന്നും കോടതി. മനോജ് വധക്കേസില്‍ പി ജയരാജന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശം. ജനനന്‍മയ്ക്ക് താല്‍പര്യമില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇത്തരം ചെയ്തികള്‍ നിരുല്‍സാഹപ്പെടുത്തണം. അയല്‍വാസിയും അയല്‍ഗ്രാമവാസിയും രാഷ്ട്രീയ ആക്രമണങ്ങള്‍ക്കു വിധേയരാവുകയോ വധിക്കപ്പെടുകയോ ചെയ്യുന്നതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുന്നതു നിര്‍ഭാഗ്യകരമാണ്. ഇത്തരം രീതികള്‍ക്കെതിരേ ജനങ്ങളില്‍ നിന്നുതന്നെ ദയയില്ലാത്ത വിമര്‍ശനം ഉയര്‍ന്നുവരണം. ജനങ്ങള്‍ ഇത്തരക്കാരെ സംഘടിതമായി ഒറ്റപ്പെടുത്തണമെന്നും വിധിന്യായത്തില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി ജി അനില്‍കുമാര്‍ വ്യക്തമാക്കി.     മനോജ് വധക്കേസ് അന്വേഷണം സംബന്ധിച്ച് കോടതിക്കു ലഭിച്ച റിപോര്‍ട്ടുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പി ജയരാജന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതില്‍ പിഴവുണ്ടായിരിക്കാം. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രതിക്കെതിരായ പരാമര്‍ശങ്ങളും ആരോപണങ്ങളും പൂര്‍ണമായും തെറ്റാണെന്നു കോടതിക്കു പറയാനോ നിഗമനത്തിലെത്താനോ സാധ്യമല്ല. സമര്‍ഥനായ ഒരു വ്യക്തിക്ക് നിയമത്തിന്റെ നൂലാമാലകളില്‍ നിന്നു രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെയുണ്ട്. മനോജ് വധക്കേസിലെ ഒന്നാംപ്രതിയും ജയരാജനും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് സിബിഐ ഉന്നയിച്ചിട്ടുള്ളത്. ചിലപ്പോള്‍ ഇത് ശരിയായിരിക്കാം. ജയരാജന് കൊല്ലപ്പെട്ട മനോജിനോട് വ്യക്തിപരമായ വൈരാഗ്യവും ഉണ്ടാവാം. മുമ്പ് ജയരാജനുനേരെ നടന്ന സംഭവവും തുടര്‍ന്ന് നടന്ന അക്രമങ്ങളുമായി ഇവയെ ബന്ധിപ്പിച്ചാല്‍ ഇത്തരമൊരു സമീപനം സ്വീകരിക്കാവുന്നതാണ്. വ്യക്തിപരമായ വൈരാഗ്യത്തിനപ്പുറത്ത് രാഷ്ട്രീയ ശത്രുതയും പ്രാദേശിക തലത്തില്‍ ഉണ്ടായേക്കാം. പ്രാദേശിക തലത്തില്‍ ആര്‍എസ്എസിനുണ്ടായ വളര്‍ച്ചയും ഇതില്‍ ഒരു ഘടകമായിരിക്കാം. ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് ആര്‍എസ്എസ്-സിപിഎം നേതൃത്വങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. നേതൃത്വത്തിന്റെ നിയന്ത്രണത്തിലേക്ക് അണികളെ ക്രമീകരിക്കുന്നതിന് ഇത്തരം സംഭവങ്ങള്‍ ഉപാധിയാക്കുകയാണ് നേതൃത്വങ്ങള്‍ ചെയ്യുന്നത്. ഇത്തരം ഉത്തരവാദിത്തങ്ങള്‍ ആക്രമണം നടത്താനുള്ള ചുമതലയേല്‍ക്കലായി കണക്കാക്കാമോ എന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it