ആകാംക്ഷയുടെ മുള്‍മുനയില്‍ ചെങ്ങന്നൂര്‍; ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

എം എം സലാം

ആലപ്പുഴ: സംസ്ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. വേട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദ്യഫലം രാവിലെ 8 മുതല്‍ അറിഞ്ഞുതുടങ്ങും. വോട്ടെണ്ണല്‍ നടക്കുന്ന ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സിആര്‍പിഎഫും കേരള പോലിസും ചേര്‍ന്നാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 12നകം ഫലം അറിയാനാവുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ടി വി അനുപമ അറിയിച്ചു.
തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. ഒരു റൗണ്ടില്‍ 14 പോളിങ് സ്‌റ്റേഷനുകളിലെ മെഷീനുകളാണ് എണ്ണുക. മണ്ഡലത്തില്‍ 181 പോളിങ് ബൂത്തുകളാണുള്ളത്. വോട്ടെണ്ണലിനായി 69 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ട്രെന്റ്, ജനസിസ് എന്നീ ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും.
ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രത്യക്ഷത്തില്‍ ഭരണത്തെയോ പ്രതിപക്ഷത്തെയോ ബാധിക്കില്ലെങ്കിലും വിജയം അനിവാര്യമെന്ന സ്ഥിതിയിലാണ് മൂന്ന് മുന്നണികളുമുള്ളത്. യുഡിഎഫിനു വേണ്ടി വിജയകുമാറും എല്‍ഡിഎഫില്‍ നിന്ന് സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഡ്വ. ശ്രീധരന്‍പിള്ളയുമായിരുന്നു മല്‍സരരംഗത്തുണ്ടായിരുന്നത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 76.27 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്.
Next Story

RELATED STORIES

Share it