അസ്സലാമു അലൈക്ക യാ ശഹ്‌റു റമദാന്‍...



കോഴിക്കോട്: അസ്സലാമു അലൈക്ക യാ ശഹ്‌റു റമദാ ന്‍... പള്ളി മിമ്പറുകളില്‍ നിന്ന് ഖത്തീബുമാര്‍ കണ്ഠമിടറി വിശുദ്ധ റമദാന് സലാം പറഞ്ഞപ്പോള്‍ കേട്ടിരുന്ന വിശ്വാസികളുടെ മനസ്സുകളും ആര്‍ദ്രമായി. ഇനിയും ഒന്നോ രണ്ടോ വ്രതദിനങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ഈ റമദാനിലെ അവസാന വെള്ളിയായ ഇന്നലെ ജുമുഅ ഖുതുബയില്‍ നോമ്പിന്റെ ദിനരാത്രങ്ങളോടും രാത്രിനമസ്‌കാരങ്ങളോടും ഖത്തീബുമാര്‍ സലാം പറഞ്ഞു. അസ്സലാമു അലൈക്ക യാ ശഹ്‌റു റമദാനെന്ന ഖത്തീബുമാരുടെ വേദന നിറഞ്ഞ വാക്കുകള്‍ വിശ്വാസികളുടെ കണ്ണുകളെ ഈറനണിയിച്ചു.അവസാന വെള്ളിയായ ഇന്നലെ മിക്ക പള്ളികളിലും ജുമുഅ നമസ്‌കരിക്കാനെത്തിയവരുടെ നിര പുറത്തേക്കു നീണ്ടു. റമദാന് മുമ്പ് അറ്റകുറ്റപ്പണി നടത്തി കൂടുതല്‍ സൗകര്യമൊരുക്കിയിരുന്നെങ്കിലും ജനബാഹുല്യം കാരണം പലയിടത്തും പുറത്ത് പായയും കടലാസും വിരിച്ചായിരുന്നു നമസ്‌കാരം. റമദാനില്‍ സ്ഫുടംചെയ്‌തെടുത്ത ഹൃദയം പാപക്കറ പുരളാതെ സൂക്ഷിക്കാന്‍ ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു. ഹൃദയത്തിന്റെയും കണ്ണിന്റെയും കാതിന്റെയും നാക്കിന്റെയും വ്രതം തുടര്‍ന്ന് സല്‍ക്കര്‍മങ്ങളില്‍ മല്‍സരിക്കാന്‍ നോമ്പ് നല്‍കിയ പരിശീലനത്തിലൂടെ സാധിക്കണമെന്ന സന്ദേശവും മിമ്പറുകളില്‍ നിന്നുയര്‍ന്നു. പുണ്യങ്ങളുടെ പൂക്കാലം കഴിഞ്ഞുപോയതിലെ നൊമ്പരവും ആത്മീയാനുഭൂതിയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി നീണ്ട ഒരുവര്‍ഷത്തെ കാത്തിരിപ്പ് വേണമെന്ന ഓര്‍മപ്പെടുത്തലും ഖുതുബകളില്‍ നിറഞ്ഞു. നോമ്പില്‍ സംഭവിച്ചുപോയ വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രവാചകന്‍ നിശ്ചയിച്ച ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമായും നല്‍കണമെന്ന ഓര്‍മപ്പെടുത്തലുകള്‍ കൂടി നല്‍കിയാണ് ഖുതുബകള്‍ അവസാനിച്ചത്.
Next Story

RELATED STORIES

Share it