അസാധു നോട്ട് പിടികൂടിയ സംഭവംഅന്വേഷണം കണ്ണൂരിലേക്ക്

പുല്‍പ്പള്ളി: ഒരുകോടി രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കണ്ണൂരിലേക്ക്. പിടിയിലായ പ്രതികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടിയിലേക്കും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഇരിട്ടി മൂഴക്കുന്ന് സ്വദേശികളായ മിസിനാസ് റഫീഖ്(43), പൂങ്കാവനം അബ്ദുല്‍ നാസര്‍, മുള്ളന്‍കൊല്ലി വിനോദ് നിലയം രഞ്ജിത്ത്(44), പുല്‍പ്പള്ളി അത്തിക്കുനി മരക്കംതൊടിയില്‍ നിഷാദ്(27), തിരുനെല്ലി അപ്പപ്പാറ വെമ്പട ഷെര്‍ലിന്‍ (മണി 45) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുല്‍പ്പള്ളി എസ്‌ഐ മാത്യുവിന്റെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പോലിസ് സംഘം പുല്‍പ്പള്ളിക്ക് സമീപം ചുണ്ടക്കൊല്ലി റോഡില്‍ മരിയ ജങ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പിടികൂടിയത്. പിടിയിലായ അബ്ദുല്‍ നാസറിന്റെ ക്വാര്‍ട്ടേഴ്‌സാണിത്. ഇരിട്ടി സ്വദേശി റഫീഖാണ് മുഖ്യപ്രതി. ശേഷിക്കുന്നവര്‍ ഏജന്റുമാരാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. മാനന്തവാടി അപ്പപ്പാറ സ്വദേശിക്ക് നല്‍കാന്‍ വേണ്ടിയാണ് പണം ഇരിട്ടിയില്‍ നിന്നു പുല്‍പ്പള്ളിയിലേക്കു കൊണ്ടുവന്നതെന്നാണു പ്രതികള്‍ നല്‍കിയ മൊഴി. ഇയാള്‍ക്കു വേണ്ടിയും മറ്റൊരു ഏജന്റായ പുല്‍പ്പള്ളി സ്വദേശിക്കു വേണ്ടിയും പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. അഞ്ചുകോടി രൂപയുടെ ഇടപാടാണ് പുല്‍പ്പള്ളി കേന്ദ്രീകരിച്ച് പ്ലാന്‍ ചെയ്തതെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇതില്‍ ഒരു കോടിയാണ് പിടിച്ചെടുത്തത്. സംഘത്തില്‍ ഉള്‍പ്പെട്ടവരില്‍ ഒരാളാണ് പോലിസിന് വിവരം ചോര്‍ത്തിനല്‍കിയതെന്നും സൂചനയുണ്ട്. 50 ലക്ഷം രൂപയുടെ 1,000 രൂപ നോട്ടുകളും 50 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകളുമായി കഴിഞ്ഞ ദിവസമാണ് പ്രതികള്‍ അറസ്റ്റിലായത്. ഒരുകോടി രൂപ കൈമാറിയാല്‍ 20 ലക്ഷം സംഘത്തിനു ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇന്നലെ ഉച്ചയ്ക്ക് 2ന് സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.
Next Story

RELATED STORIES

Share it