അശ്വതി ജ്വാലയ്‌ക്കെതിരായ പോലിസ് അന്വേഷണം സ്വാഭാവികം

തിരുവനന്തപുരം: സര്‍ക്കാരിനെതിരായി ആരോപണം ഉന്നയിച്ച കാരണത്താല്‍ തന്നെ വേട്ടയാടുന്നുവെന്ന സാമൂഹികപ്രവര്‍ത്തക അശ്വതി ജ്വാലയുടെ ആരോപണത്തെ തള്ളി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. അശ്വതിയുടെ ആരോപണം അവരുടെ തോന്നല്‍ മാത്രമാണെന്നു മന്ത്രി വ്യക്തമാക്കി.
കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന പരാതിയാണ് അശ്വതിക്കെതിരേ ഉയര്‍ന്നത്. ഗൗരവമായ ഈ പരാതി അന്വേഷിക്കുകയെന്നത് സ്വാഭാവികമായ നടപടി മാത്രമാണ്. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. താന്‍ അശ്വതിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. വ്യക്തിപരമായി അറിയാത്ത ഒരാളാണ് തനിക്കെതിരേ പരാതി നല്‍കിയതെന്ന് അവര്‍ പറഞ്ഞു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണു പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തില്‍ പിഴവുപറ്റിയെന്ന് അവര്‍ പറഞ്ഞിരുന്നു. അതു തെറ്റിദ്ധാരണയായിരുന്നുവെന്നും പരാമര്‍ശത്തില്‍ ഖേദമുണ്ടെന്നും അറിയിച്ച അശ്വതി രണ്ടുദിവസം മുമ്പു തന്നെ കാണാന്‍ എത്തിയെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാരിനുമേല്‍ അനാവശ്യമായി പഴിചാരാനുള്ള ശ്രമമാണ് അശ്വതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ടൂറിസം വകുപ്പിന് വീഴ്ചയുണ്ടായിട്ടില്ല. അന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ലിഗയുടെ സഹോദരിയുമായി പങ്കുവയ്ക്കാനാവില്ല. ഇത് കേസില്‍ കാര്യമായ അന്വേഷണം നടക്കാത്തതിനാലാണെന്നു പ്രചരിപ്പിച്ച് ലിഗയുടെ സഹോദരിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കടകംപള്ളി പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടല്‍ക്കാടുകള്‍ വിനോദസഞ്ചാരികള്‍ ഒരിക്കലും എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത സ്ഥലമാണ്. അതുകൊണ്ടാണ് അവിടേക്ക് അന്വേഷണമെത്താന്‍ വൈകിയത്. ലിഗയുടെ മരണം കേരളത്തിലെ ടൂറിസത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമായി മാത്രം കണ്ടാല്‍ മതി. ലിഗയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ഗൈഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു. അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
Next Story

RELATED STORIES

Share it