Flash News

അശ്ലീല പരാമര്‍ശം ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ച് വിട്ടു

അബുദബി: സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ ലുലു ഗ്രൂപ്പ് ജീവനക്കാരനെ മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. സ്വാമി അയ്യപ്പനെതിരെ മോശമായ പരാമര്‍ശം നടത്തിയ ലുലു ഗ്രൂപ്പിന്റെ റിയാദ് ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനും ആലപ്പുഴ സ്വദേശിയുമായ ദീപക് പവിത്രനെയാണ് മാനേജ്‌മെന്റ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ നിയമ വ്യവസ്ഥക്ക് കടക വിരുദ്ധമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതിനെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ ഇടയായത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമര്‍ശത്തില്‍ സൗദി അറേബ്യയില്‍ ജോലി നോക്കിയിരുന്ന ജീവനക്കാരനെ ലുലു ഈയിടെ പുറത്താക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന് മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it