അശാസ്ത്രീയ ഡാം മാനേജ്‌മെന്റ് കുഴപ്പമായെന്ന് പ്രഫ. മാധവ് ഗാഡ്ഗില്‍

കൊച്ചി: അശാസ്ത്രീയമായ ഡാം മാനേജ്‌മെന്റാണ് പെട്ടെന്ന് വെള്ളം തുറന്നുവിടാന്‍ കാരണമായതെന്നു പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗില്‍. മണ്‍സൂണ്‍ അവസാനം മാത്രമേ ഡാം നിറഞ്ഞു നില്‍ക്കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും ഡാം ഇടക്കാലത്തും നിറച്ചുനിര്‍ത്തിയെന്നാണ് മനസ്സിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാവുന്നത്. അനുമാനങ്ങള്‍ കൂടി പരിഗണിച്ചു വേണമായിരുന്നു തീരുമാനമെടുക്കാന്‍. കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് അന്തിമമായി പറയാനാവൂ. ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്താന്‍ തനിക്ക് സാധിക്കില്ല. ഡാം സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതില്‍ അധികൃതര്‍ക്ക് വലിയ തെറ്റുപറ്റി. അവര്‍ വിവരങ്ങള്‍ സുതാര്യമാക്കണമായിരുന്നുവെന്നും പ്രഫ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിലും ജനങ്ങളുടെ പങ്കാളിത്തമുണ്ടാവുമെന്നു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ ജനതയുടെ പങ്കാളിത്തമില്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യരുതെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐഎഎല്‍) സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ കേരളത്തിന്റെ സുസ്ഥിര പുനര്‍നിര്‍മാണം എന്ന വിഷയത്തില്‍ സംസാരിച്ച് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒഴിവാക്കാതെയുള്ള വികസന-പരിസ്ഥിതി സംരക്ഷണ പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്. തീരുമാനങ്ങളെടുക്കുന്നതില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടാവണം. ജനാധിപത്യ വിപ്ലവം കൂടുതല്‍ വികസിച്ച കേരളത്തില്‍ ഇതു സാധ്യമാണ്. നോര്‍വേയുടെ വികസനരീതികള്‍ ലോകത്ത് തന്നെ മികച്ചതാണ്. സാധ്യമെങ്കില്‍ കേരളത്തിന് ആ രീതി ഉള്‍ക്കൊള്ളാവുന്നതാണ്. പശ്ചിമഘട്ടത്തില്‍ വനാവകാശ നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it