kozhikode local

അവസാന വോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍

താമരശ്ശേരി: തിരഞ്ഞെടുപ്പിനു രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ അവസാന വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി സ്ഥാനാര്‍ഥികളും അണികളും. മുന്നുംനാലും തവണയാണ് മണ്ഡല പ്രചാരണങ്ങള്‍ സ്ഥാനാര്‍ഥികള്‍ പൂര്‍ത്തിയാക്കിയത്.
പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ വീടുകള്‍ കയറിയും കുടുംബ യോഗങ്ങളില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുമാണ് സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നത്. ഇതിനു പുറമേ വാഹന പ്രചാരണവും പ്രവര്‍ത്തകരുടെ ബൈക്ക് റാലി, പ്രകടനങ്ങളും സജീവമായി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ വി എം ഉമ്മറും ജോര്‍ജ് എം തോമസും നിരവധി കുടുംബ യോഗങ്ങളിലും സജീവ സാന്നിധ്യമാവുമ്പോള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി ടി പി മുഹമ്മദ് ഒരോ വോട്ടര്‍മാരേയും നേരില്‍ കണ്ടാണ് പ്രചാരണം നടത്തുന്നത്. ഇടത് ഐക്യ മുന്നണികളുടെ കപട ജനസേവനവും അഴിമതിയും തുറന്നുകാട്ടുന്ന പ്രചാരണം ജനങ്ങളില്‍ ഏറെ ചര്‍ച്ചയാവുന്നു.
ബിജെപിയുടെ ഫാഷിസ്റ്റ് മുഖം അനാവരണം ചെയ്യുന്ന പ്രചാരണം ജനങ്ങളില്‍ തെല്ലൊന്നുമല്ല അവബോധം സൃഷ്ടിക്കുന്നത്. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും കടുത്ത മല്‍സരമാണ് കാഴ്ചവയ്ക്കുന്നത്. ലീഗില്‍ നിന്നും പുറത്തു പോയ കാരാട്ട് റസ്സാഖാണ് ഇവിടെ ലീഗിനെ ഉറക്കം കെടുത്തുന്നത്. ജില്ലാ ലീഗ് നേതാവായ എം എ റസ്സാഖ് മാസ്റ്ററുടെ വിജയം ഉറപ്പിക്കാനുള്ള എല്ലാ തന്ത്രവുമായാണ് യുഡിഎഫ് രംഗത്തുള്ളത്. വോട്ടര്‍മാരെ ഇരുസ്ഥാനാര്‍ഥികളും നേരില്‍ തന്നെ പലവട്ടം കണ്ടു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിനമടുക്കുന്നതോടെ മുന്നണികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഇവിടെ പ്രചാരണങ്ങള്‍.
പരമ്പരാഗത രീതിയിലുള്ള പ്രചാരണങ്ങള്‍ക്ക് പുറമേ വാട്‌സ്ആപ്പ്, വോയ്‌സ് മെയില്‍ എന്നിവ ഉപയോഗിച്ചും വോട്ടര്‍മാരിലേക്കെത്തുന്ന പ്രചാരണം സജീവമാണ്. കൊടുവള്ളി മണ്ഡലം എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി ഇ നാസറും പ്രചരണത്തില്‍ ഏറെ മുന്നേറി. ഇരുത്തം വന്ന രാഷ്ട്രീയ നേതാക്കന്മാരെ വെല്ലുന്ന പ്രകടനമാണ് ഇവിടെ നവാഗത പാര്‍ട്ടി പ്രവര്‍ത്തകര്‍ കാഴ്ച വെക്കുന്നത്. മറ്റു പാര്‍ട്ടികളില്‍ നിന്നും വിഭിന്നമായി വളരെ അച്ചടക്കത്തിലുള്ള പ്രചാരണം നാട്ടുകാരില്‍ ഏറെ മതിപ്പുളവാക്കുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it