അലര്‍ട്ട് സിസ്റ്റം, ഹെല്‍പ്‌ലൈന്‍, കോള്‍ സെന്റര്‍ എന്നിവയ്ക്ക് അനുമതി

തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ്‌ലൈന്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന വയോജന കൗണ്‍സിലിന്റെ യോഗത്തില്‍ തീരുമാനം. വയോജനങ്ങളുടെ പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വര്‍ഷത്തില്‍ രണ്ടു ഗ്രാമസഭകള്‍ വിളിച്ചുകൂട്ടും. അതില്‍ സംസ്ഥാന, ജില്ലാ വയോജന കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പങ്കാളിത്തം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
സര്‍വീസ് പെന്‍ഷന്‍ പോലെ വാര്‍ധക്യകാല പെന്‍ഷനും എല്ലാ മാസവും ഒന്നാം തിയ്യതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ധനകാര്യ വകുപ്പിനോട് ആവശ്യപ്പെടും. ജീവിതനിലവാരം ഉയര്‍ന്ന ആളുകള്‍ക്കായി പെയ്ഡ് ഓള്‍ഡ് ഏജ് ഹോം തുടങ്ങാനും ധാരണയായി. ഇതിനുള്ള കെട്ടിടം ഏറ്റെടുക്കല്‍, വാടക നിശ്ചയിക്കല്‍, അന്തേവാസികളുടെ എണ്ണം, ഹോമിന്റെ നടത്തിപ്പ് എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തു മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സാമൂഹികനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
വയോജനങ്ങളുടെ വിഷയത്തില്‍ ജനമൈത്രി പോലിസിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി സംസ്ഥാന വയോജന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വോളന്റിയര്‍ സമിതി രൂപീകരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും വയോജനങ്ങള്‍ക്ക് ലാബ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ചികില്‍സകളും സൗജന്യമാക്കുന്നതിനു നടപടി സ്വീകരിക്കും. വയോമിത്രം പദ്ധതിയില്‍ ഗുണഭോക്താക്കളുടെ പ്രായം 65ല്‍ നിന്ന് 60 ആക്കുന്നതിനുള്ള സാധ്യത ആരായും. ജില്ലയില്‍ ഒന്നു വീതം ആധുനിക സൗകര്യങ്ങളോടു കൂടിയ പകല്‍ വീട്, കപ്പിള്‍ ഹോം എന്നിവ എന്‍ജിഒകള്‍, മറ്റു സംരംഭകര്‍ എന്നിവരുടെ സഹായത്തോടെ തുടങ്ങും.
സീനിയര്‍ സിറ്റിസണ്‍ ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കുന്ന വയോജനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കെഎസ്ആര്‍ടിസി ബസ്സുകളില്‍ ലഭിക്കുന്ന സീറ്റ് സംവരണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് പരിഗണിക്കാന്‍ ഗതാഗത വകുപ്പിനു കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. സംസ്ഥാന വയോജന കൗണ്‍സില്‍ അംഗമായ അമരവിള രാമകൃഷ്ണനെ പ്രവര്‍ത്തനകണ്‍വീനറായി നിശ്ചയിച്ചു.

Next Story

RELATED STORIES

Share it