Flash News

അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായി

ദുബയ്: അറ്റ്‌ലസ് ജ്വല്ലറി ചെയര്‍മാനും വ്യവസായിയുമായ എം എം രാമചന്ദ്രന്‍ (77) ജയില്‍മോചിതനായി. വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് 2015 നവംബറിലാണ് രാമചന്ദ്രനെ ദുബയ് കോടതി മൂന്നു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. 15 ബാങ്കുകളില്‍നിന്നായി 1,000 കോടിയോളം രൂപയാണ് അദ്ദേഹം വായ്പയെടുത്തിരുന്നത്. ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണു വിവരം.
രാമചന്ദ്രന്റെ പേര് തടവുകാരുടെ ലിസ്റ്റില്‍ ഇല്ലെന്നും അദ്ദേഹം റമദാന്‍ മാസം ആരംഭത്തില്‍ തന്നെ മോചിതനായെന്നാണ് വ്യക്തമാവുന്നതെന്നും ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍, ജാമ്യവ്യവസ്ഥകളെ കുറിച്ചോ മോചനത്തിന് സഹായിച്ചവരെ കുറിച്ചോ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. അദ്ദേഹവും കുടുംബവും സ്വകാര്യത ആഗ്രഹിക്കുന്നുവെന്നും മാധ്യമങ്ങളുമായി ഇപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അധികൃതരും അറിയിച്ചു. ദുബയ് വിട്ടുപോവരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം. അതേസമയം, അദ്ദേഹം ഇതുവരെ പണം കൊടുത്തുതീര്‍ത്തിട്ടില്ല. വിഷയത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. 35 മാസമാണ് അദ്ദേഹം ജയില്‍വാസം അനുഭവിച്ചത്. സ്വര്‍ണവ്യാപാരത്തില്‍ നിന്ന് വന്‍തുക ഓഹരിവിപണിയിലേക്കു വകമാറ്റി നിക്ഷേപിച്ചതാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ പതനത്തിനു കാരണമായതെന്നാണ് റിപോര്‍ട്ട്.
രാമചന്ദ്രന്റെ ആസ്തികളില്‍ ചിലത് വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ആദ്യഘട്ടത്തില്‍ തന്നെ ആരംഭിച്ചിരുന്നു. കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായി. എന്നാല്‍, ഡല്‍ഹിയില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളായ രണ്ടു വ്യക്തികള്‍ മാത്രം വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. ഒരു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായെന്നാണ് അറിയുന്നത്.
350 കോടി ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന അറ്റ്‌ലസ് ബിസിനസ് സാമ്രാജ്യമാണ് രാമചന്ദ്രന്റെ അറസ്‌റ്റോടെ തകര്‍ന്നത്. ദുബയില്‍ മാത്രം 19 ജ്വല്ലറികളാണ് അറ്റ്‌ലസിനുണ്ടായിരുന്നത്. പ്രതിസന്ധി വന്നതോടെ യുഎഇക്ക് പുറമെ സൗദി, കുവൈത്ത്, ദോഹ, മസ്‌ക്കത്ത് എന്നിവിടങ്ങളിലെ ശാഖകളും പൂട്ടി. ബാധ്യത തീര്‍ക്കാന്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആശുപത്രികള്‍ നേരത്തേ എന്‍എംസി ഗ്രൂപ്പിന് വിറ്റിരുന്നു.
Next Story

RELATED STORIES

Share it