Idukki local

അറിവു നുകരാന്‍ കുട്ടികള്‍ ഇന്ന് സ്‌കൂളിലേക്ക്

ഇടുക്കി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ അടക്കം ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഇന്നുമുതല്‍ വിദ്യാലയങ്ങളിലെത്തിത്തുടങ്ങും. കെട്ടിടങ്ങളും ഫര്‍ണിച്ചറും അറ്റകുറ്റപ്പണി നടത്തിയും പെയിന്റിങ് നടത്തി ചുവരുകള്‍ മനോഹരമാക്കിയുമൊക്കെയാവും ഇന്ന് കുട്ടികളെ വരവേല്‍ക്കുക. ജില്ലയില്‍ പാഠപുസ്തക വിതരണം നൂറുശതമാനവും പൂര്‍ത്തിയായതായി ഡിഡിഇ എ അബൂബക്കര്‍ പറഞ്ഞു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം ഇന്നുതന്നെ ആരംഭിക്കുന്നതിനു നടപടിയെടുത്തിട്ടുണ്ടെന്നും ഡിഡിഇ പറഞ്ഞു. സ്‌കൂള്‍ വാഹനങ്ങളുടെ പ്രീമണ്‍സൂണ്‍ ചെക്കിങ് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയിരുന്നു.
ഡ്രൈവര്‍മാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വേണ്ട നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കു സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് ആദ്യദിനം തന്നെ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലിസും നിരത്തുകളിലുണ്ടാവും. അതേസമയം, പുതിയ അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് പരാതി രഹിതമായ യാത്രാസൗകര്യമൊരുക്കാന്‍ ജില്ലാഭരണകൂടം നടപടി ആരംഭിച്ചു. വിദ്യാര്‍ഥികളും ബസ് ജീവനക്കാരും പരസ്പര സഹകരണത്തോടെ യാത്രാസൗകര്യം ഉപയോഗപ്പെടുത്താന്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെന്ന് കലകടറേറ്റില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ എഡിഎം പി ജി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി.
വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിന് കെഎസ്ആര്‍ടിസിയും പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബസ്സ്റ്റാന്റുകളില്‍ രാവിലെയും വൈകുന്നേരവും പോലിസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് യോഗം നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡുകള്‍ 15നകം വാങ്ങുന്നതിന് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.
സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതാണെന്ന് ബസ്സുടമകള്‍ യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളും ജീവനക്കാരുമായി ഏന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതത് സ്ഥലങ്ങളിലെത്തി പരിഹാരം കാണുന്നതിന് ജില്ലാഭരണകൂടം നടപടി സ്വീകരിക്കും. അവധി ദിനങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ഉള്ള സ്ഥാപനങ്ങളുടെ മേധാവി അക്കാര്യം കാണിച്ച് പ്രത്യേകമായി കത്ത് നല്‍കി വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കണം. ചെറുതോണി മുരിക്കാശ്ശേരി റൂട്ടില്‍ രാവിലെ അധികചാര്‍ജ് ഈടാക്കുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതിയില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
യോഗത്തില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ആര്‍  രാജീവ്, പി ആര്‍ ഗോപി (കെഎസ്ആര്‍ടിസി), ടോമി ജോസഫ്, കെ കെ തോമസ്, ഷാജിമാത്യു, ജോബി മാത്യു, കെ എം സലിം, കെ കെ അജിത്കുമാര്‍, എല്‍ബിന്‍ ജോണ്‍സണ്‍, ബിബിന്‍ ടോം സണ്ണി, ജയിംസ് ഫിലിപ്പ്, അബ്ദുള്‍ ബാസിത്, മാത്യു സ്‌കറിയ, ജോസ് തോമസ്, ജോയിന്റ് ആര്‍ടിഒ എം ശങ്കരന്‍പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it