അറിയപ്പെടാത്ത ഒരു തമ്പ് ജീവിതം



എ   ജയകുമാര്‍

ചെങ്ങന്നൂര്‍: ജീവിതപ്രാരബ്ധങ്ങളുടെ ട്രപ്പീസില്‍ നിന്നു താഴെ വീഴാതിരിക്കാന്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്ന ഫിലിപ്പ് എന്ന ഷാജി(51) ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പ്രശസ്തി നേടിയ സര്‍ക്കസ് അഭ്യാസിയാണെന്നത് അധികമാര്‍ക്കും അറിയില്ല. ഷാജി സ്വയം പരിചയപ്പെടുത്താറുമില്ല. ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പ്പടി അരുമ്പോലില്‍ വീട്ടില്‍, ഡ്രൈവറായ ജോര്‍ജിന്റെ ആറു മക്കളില്‍ ഇളയവനായ ഫിലിപ്പ്, അഞ്ചു സഹോദരിമാരുള്‍പ്പെടെയുള്ള കുടുംബത്തിന്റെ നിത്യവൃത്തിക്കായി തൊഴില്‍തേടവെയാണ് ചെങ്ങന്നൂര്‍ ശാസ്താംപുറം സ്വദേശി ചാക്കോയെ പരിചയപ്പെടുന്നത്. സര്‍ക്കസ് തമ്പുകളിലേക്ക് യങ് സര്‍ക്കസ് ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്ന ചുമതലക്കാരനായിരുന്നു ചാക്കോ. എം ഡി ഹനീഫയുടെ ഉടമസ്ഥതയിലുള്ള ന്യൂ ഗ്രാന്‍ഡ് സര്‍ക്കസില്‍ എത്തുമ്പോള്‍  വയസ്സ് 12. കടുത്ത പരിശീലനമായിരുന്നു ആദ്യഘട്ടം. 150 രൂപയായിരുന്നു സ്റ്റൈപ്പന്റ്. രണ്ടു വര്‍ഷത്തിനകം തന്നെ മുഖ്യ ഇനമായ ബാറിലുള്ള അഭ്യാസത്തിന് ഷാജിയെ തിരഞ്ഞെടുത്തു. കൊല്‍ക്കത്തയിലായിരുന്നു ആദ്യ പ്രദര്‍ശനം. 20 വയസ്സായപ്പോഴേക്കും ഷാജി സര്‍ക്കസിലെ എല്ലാ അഭ്യാസങ്ങളും വശത്താക്കി. ഏറ്റവും അപകടസാധ്യത കൂടിയ ഊഞ്ഞാലാട്ടം, ഫയര്‍ ഡാന്‍സ്, ജിംഗിളിങ്  എന്നിവയായിരുന്നു ഷാജിയുടെ ഇനങ്ങള്‍. പിന്നീട് വീനസ്, ജെമിനി, അമര്‍, രാജ്കമല്‍ എന്നീ കമ്പനികളില്‍ ഒഴിച്ചുകൂടാനാവാത്ത അഭ്യാസിയായി ഷാജി.23ാം വയസ്സില്‍ ഷാജിയുടെ പ്രശസ്തി കടല്‍കടന്നു. ഇന്ത്യയിലെ മികച്ച സര്‍ക്കസ് കലാകാരന്മാരെ കണ്ടെത്തുന്ന ചൈനീസ് സര്‍ക്കസ് വിദഗ്ധര്‍ ഷാജിയെ തിരഞ്ഞെടുത്ത് ഇേന്താനീസ്യയിലെ ചൈനീസ് സര്‍ക്കസ് കമ്പനി ഓറിയന്റല്‍ സര്‍ക്കസില്‍ എത്തിച്ചു. തുടര്‍ന്ന് ചൈന, സിംഗപ്പൂര്‍, മലേസ്യ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി വര്‍ഷം വിവിധ കമ്പനികളിലായി സര്‍ക്കസ് അവതരിപ്പിച്ചു. തിരികെ നാട്ടിലെത്തി അമര്‍ സര്‍ക്കസില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 1999ല്‍ അമര്‍  ട്രൂപ്പിലെ സൈക്ലിങ് താരം തലശ്ശേരി സ്വദേശിനി സീനയുമായുള്ള വിവാഹം. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇരുവരും പിന്നീട്  തമ്പ് ഉപേക്ഷിച്ച്  നാട്ടിലെത്തി. കല്ലിശ്ശേരിയില്‍ താമസമാക്കിയ ഷാജി നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനുമായി. ഷാജിക്കും ഭാര്യക്കും അവശ സര്‍ക്കസ്് കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ജീവിക്കാന്‍ ഇതു തികയാത്തതിനാല്‍ വിവിധ ജോലികളില്‍ ഏര്‍പ്പെടുന്നു. ഇപ്പോള്‍ കേറ്ററിങ്് ജീവനക്കാരനാണ്. മൂത്ത മകന്‍ ഷിജിന്‍ 10ാം ക്ലാസിലും ഇളയ മകന്‍ സിജിന്‍ ആറിലും പഠിക്കുന്നു.കുട്ടികളെ ചെറുപ്പത്തിലേ സര്‍ക്കസില്‍ പരിശീലനം നല്‍കുന്നതില്‍ ചൈന അടക്കമുള്ള വിദേശരാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കണമെന്നാണ് ഷാജിയുടെ അഭ്യര്‍ഥന. തമ്പ് ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്ന ഷാജിക്ക് സര്‍ക്കസ് എന്നത് എല്ലാറ്റിലും ഉപരിയാണ്.
Next Story

RELATED STORIES

Share it