അര്‍ണബ് ഗോസ്വാമിക്കെതിരേ എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി

കോഴിക്കോട്: മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത റിപബ്ലിക് ടിവി ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരേ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ എന്‍ബിഎസ്എക്ക് പരാതി നല്‍കി. കഴിഞ്ഞ മാസം 25നാണ് റിപബ്ലിക് ചാനലില്‍ “കേരളം കള്ളം പറയുന്നു’വെന്ന ശീര്‍ഷകത്തില്‍ നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ അവതാരകനായ ഗോസ്വാമി താന്‍ കണ്ടതില്‍ വച്ചേറ്റവും നാണമില്ലാത്ത ജനക്കൂട്ടമാണ് കേരളത്തിലുള്ളതെന്നു പറഞ്ഞത്. യുഎഇ സര്‍ക്കാര്‍ പ്രളയ ബാധിതരെ സഹായിക്കാന്‍ 700 കോടി രൂപ നല്‍കാമെന്നു പറഞ്ഞത് കള്ളമാണെന്നു സമര്‍ഥിക്കാനായിരുന്നു അദ്ദേഹം മലയാളികളെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം നടത്തിയത്. ഒരു നാടിനെയും നാട്ടുകാരെയും മൊത്തമായി അപമാനിക്കാനുള്ള ശ്രമത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ സംഘടന പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഗോസ്വാമിയെക്കൊണ്ട് പരാമര്‍ശം പിന്‍വലിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി റെനി ഐലിന്‍, സംസ്ഥാന സെക്രട്ടറി എ എന്‍ ഷാനവാസ്, കെ പി ഒ റഹ്മത്തുല്ല, അഡ്വ. ഷുക്കൂര്‍, എം കെ ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it