kozhikode local

അരുംകൊല രാഷ്ട്രീയത്തിനെതിരേ ഉണര്‍ത്തുപാട്ടായി 'വാളല്ല എന്‍ സമരായുധം'

കോഴിക്കോട്: രാഷ്ട്രീയ പ്രതിയോഗികളെ കൊന്നുതള്ളുന്ന അരുംകൊല രാഷ്ട്രീയത്തിനെതിരേ അമ്മമനസിന്റെ തേങ്ങലുകള്‍ പങ്കുവച്ച് സംസ്‌ക്കാരസാഹിതിയുടെ “വാളല്ല എന്‍ സമരായുധം” കലാജാഥ. സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകം ആയുധങ്ങള്‍ ഉപേക്ഷിച്ച് ആശയങ്ങള്‍ ആയുധമാക്കണമെന്ന സന്ദേശമാണ് ഉയര്‍ത്തുന്നത്.
സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ പിതാവ് സി പി മുഹമ്മദ് ഉദ്ഘാടനം ചെയ്ത കലാജാഥയിലെ നാടകത്തില്‍ ഷുഹൈബും ടി പി ചന്ദ്രശേഖരനുമെല്ലാം കടന്നുവരുന്നുണ്ട്. ഗോരക്ഷയുടെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെയും നാടകം പ്രതികരിക്കുന്നു. വര്‍ഗീയ ഫാഷിസവും രാഷ്ട്രീയ ഫാഷിസവും ഒടുവില്‍ ഒരേ തൂവല്‍പക്ഷികളാകുന്ന അപകടവും തന്‍മത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. രണ്ടു ഗാനങ്ങളും ആക്ഷേപഹാസ്യവുമായി ഓട്ടന്‍തുള്ളലും 35 മിനുറ്റ്  ദൈര്‍ഘ്യമുള്ള നാടകത്തിലുണ്ട്. ശിവദാസ് കോങ്ങാട്, പ്രേമ വണ്ടൂര്‍, ജയരാജ് പേരാമ്പ്ര, ഷിനോദ് പേരാമ്പ്ര, ശിവാനി പാലക്കാട്, ഒ എന്‍ ഡി ബാബു, പ്രജീഷ് കുറ്റിയാടി എന്നിവരാണ് അഭിനേതാക്കള്‍. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചനയാത്രയുടെ മുന്നൊരുക്കവുമായി തലേദിവസം അതേ സ്വീകരണ കേന്ദ്രങ്ങളില്‍ അതേ സമയത്താണ് കലാജാഥ എത്തുന്നത്. പിണറായി സര്‍ക്കാര്‍ രാഷ്ട്രീയകൊലയാളി സംഘങ്ങള്‍ക്കൊപ്പമാണെന്നും ഇരകള്‍ക്കൊപ്പമില്ലെന്നും സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കലാജാഥക്ക് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍കൂടിയായ ഷൗക്കത്ത്. ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സാഹിതി ജില്ലാ ചെയര്‍മാന്‍ കെ പ്രദീപന്‍  ആധ്യക്ഷത വഹിച്ചു. സാഹിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എന്‍ വി പ്രദീപ്കുമാര്‍, ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, കെ പി ബാബു, രമ്യ ഹരിദാസ്, റാസിക്, ഇ ആര്‍ ഉണ്ണി സംസാരിച്ചു.കുറ്റിയാടിയില്‍ കെപിസിസി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വി എം ചന്ദ്രന്‍, കെ ടി ജെയിന്‍, കെ പി രാജന്‍, സുനില്‍ മടപ്പള്ളി, പ്രമോദ് കോട്ടപ്പള്ളി, കാവില്‍ രാധാകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it