malappuram local

അരീക്കോട് സ്റ്റേഡിയം കൈയേറ്റം ഒഴിപ്പിക്കല്‍ വൈകുന്നു



അരീക്കോട്: അരീക്കോട് സ്റ്റേഡിയം ഭൂമി കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടി വൈകുന്നു. അരീക്കോട് ഗ്രാമപ്പഞ്ചായത്തില്‍പ്പെട്ട നാഷനല്‍ ഗെയിംസ് അതോറിറ്റിയുടെ കീഴിലുള്ള  സ്റ്റേഡിയത്തിലാണ് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ കൈയേറി ക്വാറിവേസ്റ്റുകള്‍ തള്ളുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നത്. സ്റ്റേഡിയത്തിന് പരിസരത്തുള്ള നീര്‍ച്ചാലുകളും സ്വകാര്യവ്യക്തികള്‍ ക്വാറിമാലിന്യം നിറച്ച് മൂടിയിരുന്നു. നാലു കോടി രൂപ ചിലവഴിച്ച് കളിക്കളത്തിന് ചുറ്റും അതിര്‍വേലിയും ഗ്യാലറിയും കളിക്കാര്‍ക്കുള്ള ഡ്രസിങ് റൂമും ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയത് ഈയടുത്താണ്. ഇതിനിടയിലാണ് ഭൂമി സമ്പന്ധിച്ച് തര്‍ക്കം ഉയര്‍ന്നത്. അരീക്കോട് വഖഫ് ഭൂമിയില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് ഈ ഭൂമി കൈയേറ്റം എന്നത് ചര്‍ച്ചയായിരുന്നു. സ്വകാര്യവ്യക്തികള്‍ ഗ്രൗണ്ടിന് മേല്‍ അവകാശവാദവുമായി രംഗത്തുവരാന്‍ തുടങ്ങിയതോടെ കായിക പ്രേമികള്‍ പരാതിയുമായി പഞ്ചായത്തിനേയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും സമീപിച്ചിരുന്നെങ്കിലും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഏകദേശം അഞ്ചര ഏക്കറിന് മുകളിലുള്ള ഗ്രൗണ്ടിന്റെ ഭൂമിയിലുള്ള റോഡിലൂടെ തന്നെയാണു രാത്രിയില്‍ വാഹനങ്ങളില്‍ ക്വാറിവേസ്റ്റുകള്‍ കൊണ്ടുപോവുന്നത്. ആര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന തരത്തില്‍ ഗ്രൗണ്ടിലേക്കുള്ള റോഡ് പഞ്ചായത്ത് അധികൃതര്‍ തുറന്നിട്ടതാണു കൈയേറ്റത്തിന് കാരണമെന്ന ആരോപണമുയര്‍ന്നതോടെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്ഥലം സന്ദര്‍ശിക്കുക മാത്രമാണു ചെയ്തത്. ക്വാറിവേസ്റ്റ് നിറയ്ക്കുന്നതു സംബന്ധിച്ച് പഞ്ചായത്തിന് ലഭിച്ച പരാതിയുടെ പകര്‍പ്പ് പൊലിസില്‍ പരാതി നല്‍കിയെന്നല്ലാതെ ഗ്രൗണ്ട് അളന്ന് തിട്ടപ്പെടുത്തി അതിര്‍ത്തി നിശ്ചയിക്കാന്‍ പഞ്ചായത്ത് തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it