malappuram local

അരങ്ങുവാണ് മൊഞ്ചത്തിമാര്‍

തേഞ്ഞിപ്പലം: മൈലാഞ്ചി മൊഞ്ചില്‍ തീര്‍ത്ത ഒപ്പനയുമായി തോഴിമാരും ചിലങ്കയണിഞ്ഞ മങ്കമാരും നിറഞ്ഞാടിയ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ മൂന്നാം നാള്‍ ആസ്വാദകരുടെ മനം കവര്‍ന്നു. മല്‍സരത്തില്‍ ഇഞ്ചോടിഞ്ച് പോര് മുറുകുമ്പോള്‍ വേങ്ങരയും മലപ്പുറവുമാണ് കളത്തില്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 168 പോയിന്റുമായി വേങ്ങര മുന്നിട്ടുനില്‍ക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലപ്പുറം ഉപജില്ല 200 പോയിന്റുമായി ഒന്നാംസ്ഥാനത്തുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ വേങ്ങരയാണ് മലപ്പുറത്തിന്റെ എതിരാളി. 176 പോയിന്റാണ് വേങ്ങരയുടെ സ്‌കോര്‍. നിലമ്പൂര്‍ 167 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 165 പോയിന്റുമായി തിരൂര്‍ ഉപജില്ലയാണു രണ്ടാമത്. തൊട്ടുപുറകിലായി 161 പോയിന്റുമായി മങ്കട മൂന്നാംസ്ഥാനത്തുണ്ട്. യുപി വിഭാഗത്തില്‍ കൊണ്ടോട്ടിയാണു മുന്നിട്ടു നില്‍ക്കുന്നത്. 84 പോയിന്റ് നേടി കൊണ്ടോട്ടി മുന്നിട്ടു നില്‍ക്കുമ്പോള്‍ പിന്നിലായി 78 പോയിന്റുമായി മങ്കട ഉപജില്ല രണ്ടാംസ്ഥാനത്തുണ്ട്. 76 പോയിന്റുമായി നിലമ്പൂരാണു മൂന്നാമത്. യുപി വിഭാഗം സംസ്‌കൃതത്തില്‍ താനൂര്‍ ഉപജില്ല 60 പോയിന്റുമായി ഒന്നാംസ്ഥാനത്തുനില്‍ക്കുമ്പോള്‍ 58 പോയിന്റുമായി എടപ്പാളും പെരിന്തല്‍മണ്ണയും പിന്നിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതത്തില്‍ 41 പോയിന്റുമായി എടപ്പാള്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുമ്പോള്‍ മേലാറ്റൂര്‍, കൊണ്ടോട്ടി ഉപജില്ലകള്‍ 38 പോയിന്റുകള്‍ വീതം നേടി രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. യുപി വിഭാഗം അറബി കലോല്‍സവത്തില്‍ വണ്ടൂര്‍, മലപ്പുറം ഉപജില്ലകള്‍ 35 പോയിന്റുകള്‍ വീതം നേടി മുന്നിട്ടുനില്‍ക്കുമ്പോള്‍ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ 33 പോയിന്റുമായി നിലമ്പൂര്‍ തൊട്ടുപുറകിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം അറബിക്കില്‍ കൊണ്ടോട്ടിയും വേങ്ങരയും 48 പോയിന്റുകള്‍ നേടി മുന്നിട്ടുനില്‍ക്കുമ്പോള്‍ 46 പോയിന്റ് നേടി കുറ്റിപ്പുറമാണ് രണ്ടാംസ്ഥാനത്തുള്ളത്.കലോല്‍സവത്തിന്റെ മൂന്നാംനാളായ ഇന്നലെ വേദി ഒന്നിലെ ഒപ്പന മല്‍സരമാണ് ആസ്വാദക മനം കവര്‍ന്നത്. പുലരുവോളം ഒപ്പന മല്‍സരം വേദിയില്‍ അരങ്ങേറി. അപ്പീലുകള്‍ മല്‍സര ഷെഡ്യൂളിനെ താളം തെറ്റിക്കുകയാണ്. വേദി നാലില്‍ നടന്ന ഭരതനാട്യവും അപ്പീലുകളുടെ പ്രവാഹത്താല്‍ സമയക്രമം പാലിക്കാതെയാണു നടന്നത്.
Next Story

RELATED STORIES

Share it